ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് മായിച്ചിരുന്നു, സുരക്ഷയും പിന്‍വലിച്ചു; അപകടത്തില്‍ ദുരൂഹത
ഉത്തര്‍പ്രദേശിലെ ബി.ജെ.പി, എം.എല്‍.എ. കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കൂടുതല്‍ ദുരൂഹത ഉയരുന്നു. ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായിച്ച നിലയിലാരുന്നുവെന്നതും സംഭവദിവസം ഇവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല എന്നതും ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നു. അപകടത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.
അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റായ്ബറേലി - ഫതേപുര്‍ റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രഥമദൃഷ്ട്യാ ഗൂഡാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷയൊരുക്കിയിരുന്നു. എന്നാല്‍ അപകടം നടന്ന ദിവസം അവര്‍ക്ക് സുരക്ഷയുണ്ടായിരുന്നില്ല. അത് കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണെന്നാണ് സൂചന. അതേ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തി വരികയാണെന്നും മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉന്നവോ ബലാത്സംഗക്കേസിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ബി.ജെ.പി, എം.എല്‍.എ. കുല്‍ദീപ് സിംഗ് ജയിലില്‍ കിടന്നിരുന്നു. 2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ജോലി അഭ്യര്‍ത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ സിംഗ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. നീതി തേടി പെണ്‍കുട്ടിയും അച്ഛനും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെ സംഭവം ദേശീയശ്രദ്ധ നേടി.
പ്രതിഷേധം വ്യാപകമായതോടെ കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. ഇതിനിടെ, പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
No comments
Post a Comment