പണമടച്ചാല്‍ ആരുടെ ആധാരവും കാണാം; കാണാതായ യുവതീ യുവാക്കള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചോ എന്നും അറിയാം
കണ്ണൂര്‍:
സ്വന്തം ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച് ഓണ്‍ലൈനായി കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷന്‍ വകുപ്പ്. പ്രത്യേക വിവാഹ നിയമ പ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങളും ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ പറ്റും.
ആധാരം രജിസ്ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഇവ ആവശ്യക്കാര്‍ക്ക് കാണാനുള്ള സംവിധാനമാണുള്ളത്. രജിസ്ട്രേഷന്റെ വൈബ്സൈറ്റില്‍ പ്രത്യേക ലിങ്ക് വഴി കാണേണ്ട ആധാരത്തിന്റെ നമ്ബര്‍ അടിച്ചു കൊടുത്താല്‍ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധന നിശ്ചയാധാരം തുടങ്ങിയ എല്ലാ ആധാരങ്ങളും കാണാം.
അതേസമയം ഒസ്യത്ത്, മുക്ത്യാര്‍ എന്നിവ കാണാന്‍ സാധിക്കില്ല. ആധാരത്തിന്റെ ആദ്യ പേജ് മാത്രമേ സൗജന്യമായി കാണാന്‍ പറ്റു. ബാക്കി കാണണമെങ്കില്‍ നൂറ് രൂപ ഓണ്‍ലൈനായി അടയ്ക്കണം. 15 ദിവസം വരെ സ്കാന്‍ കോപ്പികള്‍ സൈറ്റില്‍ ഉണ്ടാകും. പ്രിന്റ് എടുക്കാനോ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാനോ പറ്റില്ല. സഹകരണ ബാങ്കുകള്‍ക്കും മറ്റും ലോണ്‍ എടുക്കുന്ന വ്യക്തിയുടെ ആധാര വിവരങ്ങള്‍ അറിയുന്നത് ഇതോടെ കൂടുതല്‍ എളുപ്പമാകും.
പ്രത്യേക വിവാഹ നിയമ പ്രകാരം രജിസ്ട്രാറോഫീസില്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങളും ഇനി ഓണ്‍ലൈനായി അറിയാന്‍ പറ്റും. സാധാരണ രജിസ്ട്രാറോഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവരങ്ങള്‍ ഒരു മാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി അത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂ വരന്‍മാരുടെ ഫോട്ടോയും ഉണ്ടാകും. കാണാതായ യുവതീ യുവാക്കള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങള്‍ അറിയാന്‍ പ്രത്യേക ഫീസില്ല.
No comments
Post a Comment