Header Ads

  • Breaking News

    എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ്‌ പിടഞ്ഞ അംഗൻവാടി ടീച്ചർക്കും കുഞ്ഞിനും ഹെൽപ്പർ രക്ഷകയായി


    ഇരിട്ടി : 
    അംഗൻവാടി കെട്ടിടത്തിന്റെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് പിടഞ്ഞ അംഗൻവാടി ടീച്ചർക്കും കുഞ്ഞിനും രക്ഷകയായത് ഇവിടുത്തെ ഹെൽപ്പറുടെ സന്ദർഭോചിതമായപ്രവർത്തനം. ആറളം പഞ്ചായത്തിലെ വീർപ്പാട് നാൽപ്പത്തി രണ്ടാം നമ്പർ അംഗൻവാടിയിലെ ടീച്ചർ എ.വി. ബീന, ഇവിടുത്തെ നാല് വയസ്സുകാരി അനാമിക എന്നിവർക്കാണ് അംഗൻവാടി ഹെൽപ്പർ ഏലിയാമ്മയുടെ സന്ദർഭോചിതമായ പ്രവർത്തനം മൂലം ജീവൻ തിരിച്ചു കിട്ടിയത്.
    വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അംഗൻവാടിയുടെ പുറക്‌ വശത്താണ് കെട്ടിടത്തിന്റെ ശൗചാലയം . ഇവിടേക്കുള്ള വഴിയിൽ സ്ഥാപിച്ച എർത്ത് കമ്പിയാണ് അപകടത്തിനിടയാക്കിയത്. ഇത് ഭൂമിയിൽ കുഴിച്ചിടാതെ നിലത്തിന് സമീപം ചുരുട്ടിവെച്ച നിലയിലായിരുന്നു. ശക്തമായ മഴ സമയത്ത് ഇതുവഴി അനാമികയുമായി ശൗചാലയത്തിലേക്ക് പോവുകയായിരുന്ന ബീന കുട്ടി കമ്പി തടഞ്ഞു വീഴാതിരിക്കാൻ ഇത് പിടിച്ച് ചുമരരുകിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് ഷോക്ക് ഏൽക്കുന്നത് . ഷോക്കേറ്റ ബീനയുടെ കയ്യിൽ നിന്നും അനാമിക തെറിച്ചു പോയെങ്കിലും ബീന കമ്പിയിൽ തന്നെ കുരുങ്ങിക്കിടന്നു പിടഞ്ഞു. ഷോക്കേറ്റ്‌ പിടഞ്ഞ ബീനയെ ഇതുകണ്ട ഏലിയാമ്മ ഉടനെ വിറക് പുരയിൽ നിന്നും പഴകിയ പലക വലിച്ചെടുത്ത് എർത്ത് കമ്പിയിൽ നിന്നുമുള്ള ബന്ധം വേര്പെടുത്തുകയായിരുന്നു.
    ഇതിനിടെ അബോധാവസ്ഥയിലായ ബീനയുടെ വായിൽ നിന്നും നുരയും പാതയും വരാൻ തുടങ്ങിയതോടെ ഏലിയാമ്മ ബഹളം വെച്ച് നിലവിളിച്ചു. ഏലിയാമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ അടുത്ത വീട്ടുകാരും നാട്ടുകാരും ചേർന്ന് ബീനക്ക് കൃത്രിമ ശ്വാസോശ്വാസം നൽകുകയും ഉടനെ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ബീന സുഖം പ്രാപിച്ചു വരുന്നു. ബീനയുടെ ഇരു കൈകളിലുമടക്കം ദേഹത്ത് വിവിധയിടങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്.
    ബീനയുടെ ജീവന്റെ രക്ഷകയായി മാറിയ ഏലിയാമ്മ ഏഴുമാസം മുൻപാണ് ഈ അംഗൻവാടിയിൽ ഹെൽപ്പറായി ജോലിയിൽ പ്രവേശിക്കുന്നത്. ഇവരുടെ സന്ദർഭോചിതമായ പ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്. അതേസമയം എർത്ത് കമ്പി വേണ്ടവണ്ണം മണ്ണിൽ കുഴിച്ചടാതെ ചുമരിൽ ചുറ്റി വെച്ചിരിക്കുന്ന കാര്യം പല തവണ വൈദ്യുത വകുപ്പ് ജീവനക്കാരെ ബീന അറിയിച്ചിരുന്നതായി ഇവർ പറഞ്ഞു. കെട്ടിടം വയറിംഗ് നടത്തിയ വ്യക്തിയും ഇതൊന്നും നോക്കാതെ കണക്ഷൻ അനുമതി നൽകിയ വൈദ്യുത വകുപ്പ് ജീവനക്കാരും ഒരുപോലെ ഇതിന് കുറ്റക്കാരാണെന്ന് നാട്ടുകാർ പറയുന്നു. ഇരുപതോളം കുരുന്നുകളാണ് ഈ അംഗൻവാടിയിൽ ഉള്ളത്. കുട്ടികൾ ഇതിൽ പിടിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന അത്യാഹിതം ചിന്തിക്കാൻ കഴിയാത്തതാണെന്നും നാട്ടുകാർ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad