Header Ads

  • Breaking News

    മഴയിൽ തളിപ്പറമ്പിൽ വ്യാപക നാശനഷ്ട്ടം



    തളിപ്പറമ്പ്:
    കനത്ത മഴയില്‍ തളിപ്പറമ്പില്‍ വ്യാപക നാശനഷ്ടം. മണ്ണിടിച്ചില്‍ മൂലം നിരവധി വീടുകള്‍ തകര്‍ന്നു. നൂറോളം വീടുകളിലും കടകളിലും വെള്ളം കയറി സാധന സാമഗ്രികള്‍ നശിച്ചു.വെള്ളിയാഴ്ച്ച രാവിലെ ഓടെയാണ് തളിപ്പറമ്പില്‍ കനത്ത മഴ തുടങ്ങിയത്. കണികുന്നില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന നബ്രാസ്‌വില്ലയുടെ മതില്‍ ഇടിഞ്ഞ് താഴ ഭാഗത്തുള്ള രണ്ട് വീടുകള്‍ തകര്‍ന്നു. കോണ്‍ക്രീറ്റ് ബീമുകള്‍ കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ മതിലാണ് മഴയില്‍ തകര്‍ന്നത്. അരുണ്‍ ഭാസ്‌കറിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ അടുക്കള ഭാഗവും കിടപ്പ് മുറിയുമാണ് തകര്‍ന്നത്. സമീപത്തെ എ.രാജന്റെ വീടിന്റെ കിടപ്പുമുറിയും പൂര്‍ണ്ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

    അതേസമയം, നബ്രാസ്‌വില്ല മതില്‍ തകര്‍ന്നത് മൂലം ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലുമാണ്. മഴയെത്തുടര്‍ന്ന് തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലില്‍ വെള്ളം കയറി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലും വെള്ളം കയറി. മാന്ധംകുണ്ട് എല്‍പി സ്‌കൂളില്‍ വെള്ളം കയറിയതിനാല്‍ നാട്ടുകാരെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.

    പട്ടുവം മംഗലശേരി മുറിയാത്തോട് ടി.പി. രതീശന്‍, പി.പി.ലക്ഷ്മണന്‍ എന്നിവരുടെ വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വെള്ളിക്കീല്‍ റോഡില്‍ മഴയില്‍ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

    പ്ലാത്തോട്ടത്ത് കുന്നൂല്‍ രമയുടെയും സമീപത്തെയും വീടുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മുക്കോല, കാക്കാത്തോട്, തളിപ്പറമ്പ് ടൗണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നൂറിലേറെ വീടുകളിലും കടകളിലുമായി വെള്ളം കയറി ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളും നശിച്ചു.

    No comments

    Post Top Ad

    Post Bottom Ad