Header Ads

  • Breaking News

    കരിമ്പം ഫാം കേന്ദ്രീകരിച്ച് അഞ്ച് കോടിയുടെ ടൂറിസം പദ്ധതി വരുന്നു; തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.


    തളിപ്പറമ്പ്:
    കരിമ്പം ജില്ലാ കൃഷിത്തോട്ടം കേന്ദ്രീകരിച്ച് അഞ്ചു കോടിയുടെ ഫാം ടൂറിസം പദ്ധതി വരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫാം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
    കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ കൃഷി വകുപ്പ് സെക്രട്ടറി രത്തന്‍ ഖേല്‍കര്‍ ജില്ലാ പഞ്ചായത്ത് കരിമ്പം ഫാമില്‍ നടപ്പിലാക്കുന്ന ഒന്നരക്കോടി രൂപയുടെ പദ്ധതിയെ കുറിച്ച് മനസ്സിലാക്കുകയും കൃഷിവകുപ്പിന്റെ സഹകരണത്തോടെ അത് കൂടുതല്‍ വിപുലമായി നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് അഞ്ചു കോടിയുടെ ടൂറിസം പദ്ധതി ആവിഷ്‌ക്കരിക്കാന്‍ തീരുമാനമെടുത്തത്.
    യോഗത്തില്‍ ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ഡി കെ സിംഗ്, കൃഷി വകുപ്പ് സെക്രട്ടറി രത്തന്‍ ഖേല്‍കര്‍, ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രകാശ്, ഫാം അഡീഷനല്‍ ഡയറക്ടര്‍ ബീനാ നടേശ്, കണ്ണൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി ജോര്‍ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ പീതാംബര ബാബു, ഫാം സൂപ്രണ്ട് എ എം മനോജ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവര്‍ പങ്കെടുത്തു.

    വിദേശി- സ്വദേശി ടൂറിസ്റ്റുകളെയും കാര്‍ഷിക ഗവേഷകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ ആകര്‍ഷിക്കുന്ന വിധത്തില്‍ മികവുറ്റ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതില്‍ രണ്ട് കോടി ജില്ലാ പഞ്ചായത്തും ബാക്കി കൃഷി വകുപ്പും ടൂറിസം വകുപ്പും വകയിരുത്തും.

    ജൈവവൈവിധ്യ പാര്‍ക്കിന്റെ വിപുലീകരണം, ഇലക്ട്രിക് കാര്‍ പാത്ത്, നെഹ്‌റു, ഇന്ദിരാ ഗാന്ധി, വി വി ഗിരി, ഇ എം എസ് തുടങ്ങിയ ദേശീയ നേതാക്കള്‍ താമസിച്ച റസ്റ്റ്ഹൗസില്‍ പാര്‍ക്കാന്‍ സൗകര്യം, ഡോര്‍മെട്രി, ട്രീ ഹൗസ്, താച്ച്ഡ് ഹട്ട്, ടെന്റ് ലോഡ്ജിങ്ങ്, കുളങ്ങള്‍ വികസിപ്പിച്ച് അവയില്‍ ചൂണ്ടയിട്ട് മീന്‍പിടുത്തം, പരമ്പരാഗത കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തല്‍, ഫാം ലൈബ്രറി, ഫാം ഫെസ്റ്റിവല്‍, മാംഗോ ഫെസ്റ്റിവല്‍, കാളവണ്ടി യാത്ര, പഴയ കാല കാര്‍ഷിക ഉപകരണ ശേഖരം, ഔഷധോദ്യാനം, നാടന്‍ വിത്തിനങ്ങളുടെ കൃഷി, പാരമ്പര്യ ഭക്ഷണം, നാടന്‍ പശു ഇനങ്ങളെ വളര്‍ത്തല്‍, വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പുകള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad