ഇന്ത്യയ്ക്കു തകർപ്പൻ ജയം;രോഹിതിനും രാഹുലിനും സെഞ്ചുറി
ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. സെഞ്ചുറികൾ നേടിയ രോഹിത് ശർമയും (103) കെ.എൽ. രാഹുലുമാണ് (111) ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശർമ – ലോകേഷ് രാഹുൽ രാഹുൽ സഖ്യം മുന്നിൽനിന്നു നയിച്ചതോടെ ഇന്ത്യ 39 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലെത്തി. ഏകദിനത്തിലെ 27–ാം സെഞ്ചുറി കുറിച്ച രോഹിത് ശർമ 94 പന്തിൽ 103 റൺസെടുത്തും ലോകേഷ് രാഹുൽ 118 പന്തിൽ 111 റൺസെടുത്തും പുറത്തായി.
ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് ‘പരിഷ്കരിച്ച’ രോഹിത് – രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആവേശത്തള്ളിച്ചയിൽ ഋഷഭ് പന്ത് (നാലു പന്തിൽ നാല്) വന്നപോലെ പോയെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയും (41 പന്തിൽ 34), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ ഏഴ്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
2019 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സെഞ്ചുറിയാണിത്(103). ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോർഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാരുയുടെ നേട്ടം. ലോകകപ്പിലെ സെഞ്ചുറിനേട്ടത്തില്‍ രോഹിത് സച്ചിനൊപ്പമെത്തി. സച്ചിന്‍ ആറുസെഞ്ചുറികള്‍ നേടിയത് ആറുലോകകപ്പില്‍ നിന്നാണ്. രോഹിത് ശര്‍മയുടെ നേട്ടം രണ്ടാം ലോകകപ്പിലാണ്.
No comments
Post a Comment