കണ്ണൂർ എസ്എഫ്ഐ നേതാക്കളടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ്ചെയ്തു
കണ്ണൂർ:
സമരംചെയ്ത വിദ്യാർഥിനികളെ മാനേജ്മെന്റ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് തളാപ്പ് ചിന്മയ മിഷൻ കോളജിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഒൻപത് എസ്എഫ്ഐ നേതാക്കളടക്കമുള്ള പ്രവർത്തകരെ ടൗൺ പോലീസ് അറസ്റ്റ്ചെയ്തു.
ജില്ലാ സെക്രട്ടറി കുറ്റിക്കോൽ സ്വദേശി ഷിബിൻ കാനായി (25), ജില്ലാ വൈസ് പ്രസിഡന്റും പെരിങ്ങോം സ്വദേശിയുമായ എം.അഖിൽ (24), കതിരൂരിലെ മുഹമ്മദ് ഫൈസൽ 24), ചെറുതാഴത്തെ ഷിജു (26), പാലയാട് സ്വദേശി മുഹമ്മദ് മുബഷീർ (25), നീർക്കടവിലെ പി.എ. കിരൺ (23), ആറാട്ടുവയലിലെ ജിതിൻ കണ്ണൻ (22), അലവിലെ അഭിജിത് (20), കൊറ്റാളി സ്വദേശി അക്ഷയ് സതീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുറത്തുനിന്നെത്തിയ വിദ്യാർഥികൾ ചിന്മയ മിഷൻ കോളജിന്റെ ഗേറ്റ് തള്ളിത്തുറന്ന് ജനൽച്ചില്ലുകളും കോന്പൗണ്ടിൽ നിർത്തിയിട്ട അധ്യാപകന്റെ കാറിന്റെ ചില്ലും എറിഞ്ഞുതകർത്തു.
മുറ്റത്തെ പൂച്ചെടികളും എറിഞ്ഞുടച്ചു. കോളജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് അക്രമാസക്തരായ പ്രവർത്തകരെ അറസ്റ്റ്ചെയ്തു നീക്കിയത്. തുടർന്ന് പ്രവർത്തകർ കോളജ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് വിദ്യാർഥിനികളുമായി പോലീസ് നടത്തിയ ചർച്ചയെത്തുടർന്ന് സമരം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോകുകയായിരുന്നു.
സംഘർഷസാധ്യത കണക്കിലെടുത്ത് കോളജിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിനുശേഷം കോളജ് അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
No comments
Post a Comment