Header Ads

  • Breaking News

    തളിപ്പറമ്പ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ക്ക് ശുപാര്‍ശ

    തളിപ്പറമ്പ്
    ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഒ.പ്രമോദ്കുമാര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. ഇന്ന് രാവിലെ 11 മുതല്‍ ഓഫീസില്‍ വിജിലന്‍സ് ഡിവൈഎസ്പി വി.മധുസൂതന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

    അകാരണമായി നടപടി വൈകിപ്പിച്ച നിരവധി ഫയലുകള്‍ ഒളിപ്പിച്ച നിലയില്‍ ഇവിടെ കണ്ടെത്തിയിരുന്നു. ആര്‍ടിഒ ഏജന്റുമാരെ ഒഴിവാക്കി നേരിട്ടു നല്‍കിയ അപേക്ഷകള്‍ കാരണമില്ലാതെ വൈകിപ്പിക്കുന്നു എന്ന പരാതിയിലാണ് റെയിഡ് നടന്നത്. നേരത്തെയും തളിപ്പറമ്പ് ജോ.്ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയും ചില രേഖകളും രേഖയില്‍ പെടാത്ത പണവുമടക്കം പിടികൂടിയ സംഭവവുമുണ്ടായിട്ടുണ്ട്.

    പരിശോധനയില്‍ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. നേരിട്ടു കൊടുത്ത അപേക്ഷകള്‍ മേശക്കടിയില്‍ ചുരുട്ടിക്കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഒരുമാസം മുമ്പ് നേരിട്ട് കൊടുത്ത അപേക്ഷ പരിഗണിക്കാതെയിരിക്കുമ്പോഴും ഏജന്റുമാരില്‍ നിന്നും വാങ്ങിയ അപേക്ഷ കാലതാമസമില്ലാതെ പാസാക്കുന്നതും കണ്ടെത്തി.

    ഓഫീസില്‍ അനധികൃതമായി ഇടപെടുന്ന ഏജന്റുമാരെയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫിസുകളിലും റെയ്ഡ് നടന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലണ് ഇന്ന് തളിപ്പറമ്പില്‍ പ്രത്യേക റെയ്ഡ് നടന്നത്. റെയ്ഡില്‍ എ.എസ്.ഐ കെ.വി മഹീന്ദ്രന്‍, കെ.പി പങ്കജാക്ഷന്‍, ഗിരീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad