സഹകരിക്കില്ലെന്നുറച്ച് മലപ്പുറം; കേരള ബാങ്ക് ലയന പ്രമേയം അനിശ്ചിതത്വത്തില്‍
മലപ്പുറം:
കേരള ബാങ്ക് രൂപീകരണത്തില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. കേരള ബാങ്ക് ലയന പ്രമേയത്തെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് രണ്ടാം തവണയും പരാജയപ്പെടുത്തി. ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം 32ന് എതിരെ 97 വോട്ടിനാണു തള്ളിയത്. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളിലും ലയന പ്രമേയം പാസായപ്പോള്‍ മലപ്പുറത്തു മാത്രമാണ് പരാജയപ്പെട്ടത്.
അന്നും 97 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. കേരള ബാങ്കിന് അന്തിമാനുമതി ലഭിക്കുന്നതിന് മുന്‍പ് പ്രമേയം പാസാക്കാന്‍ മലപ്പുറത്തിന് ഒരു അവസരം കൂടി നല്‍കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
പ്രമേയം പരാജയപ്പെട്ടതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഒഴിവാക്കി സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ ഉള്‍ക്കൊള്ളിച്ചു കേരള ബാങ്ക് രൂപീകരിക്കണമെന്നു റിസര്‍വ് ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെടും. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനാണു കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി ലഭിച്ചത്.
ഇതില്‍ ഒരു ബാങ്കിനെ ഒഴിവാക്കി അന്തിമ അനുമതി നേടാനാകുമോ എന്നാണ് ഇനിയറിയേണ്ടത്.സഹകരണ ഭേദഗതി നിയമ പ്രകാരം ഇനി ജില്ലാ ബാങ്കുകള്‍ ഇല്ല എന്നതിനാല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ നിലനില്‍പ് പ്രതിസന്ധിയിലായേക്കും. ബാങ്കിനെ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാണു സാധ്യത.
മലപ്പുറത്ത് പ്രമേയം പാസാകാത്തതിനാല്‍ കേരള ബാങ്കിനു റിസര്‍വ് ബാങ്ക് അനുമതി നഷ്ടമാകുമെന്നാണു യുഡിഎഫ് അംഗങ്ങളുടെ വാദം. എന്നാല്‍, 13 ജില്ലാ ബാങ്കുകള്‍ ലയിച്ച് കേരള ബാങ്ക് നിലവില്‍ വരുമെന്നും ലയിക്കാതെ നില്‍ക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് കാലഹരണപ്പെട്ട സംഘമായി മാറുമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു.
No comments
Post a Comment