ചിന്മയ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു
മാനസികമായി പീഡിപ്പിച്ചെന്ന തളാപ്പ് ചിന്മയ മിഷൻ കോളേജിലെ വിദ്യാർത്ഥിനിയുടെ പരാതിയിൽ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 അനുമതി പ്രകാരമാണ് കോളേജിലെ അധ്യാപിക ഗീതക്കെതിരെ കേസെടുത്തത്. കോളേജിൽ നിയമാധ്യാപികയെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിനികൾ ഒന്നടങ്കം സമരം നടത്തിയിരുന്നു. ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ മാനേജ്മെന്റിന് മുട്ടുമടക്കേണ്ടി വന്നു. അദ്ധ്യാപികയെ തിരിച്ചെടുക്കേണ്ടി വന്നതിന്റെ ജാള്യത മറച്ചുവെക്കാൻ മാനേജ്മെൻറ് പിന്നീട് പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുക, രക്ഷിതാക്കൾ വരാത്ത വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തുക, സമരത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് എഴുതിക്കുക തുടങ്ങി വിവിധ തരത്തിലുള്ള പീഡനങ്ങളായിരുന്നു വിദ്യാർത്ഥികൾ അനുഭവിക്കേണ്ടിവന്നത് അധ്യാപികമാരുടെ ഇത്തരത്തിലുള്ള പീഡനത്തിനിടെ പി. ജി വിദ്യാർത്ഥിനിയെ അവശനിലയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദ്യർത്ഥിനി നൽകിയ പരാതിയിലാണ് അധ്യാപികയ്ക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. 23 ദിവസത്തിനുശേഷമാണിത്.
സി. സി. ടി. വി ദൃശ്യങ്ങളിൽ പീഡന കാര്യങ്ങൾ വ്യക്തമാവുമെന്ന് കുട്ടിയുടെപരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് ഹാജരാക്കാൻ തളിപ്പറമ്പ് ആർ. ഡി. ഒ ആവശ്യപ്പെട്ടിട്ടും മാനേജ്മെൻറ് തയ്യാറായിരുന്നില്ല. സി. സി. ടി. വി ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ പോലീസും തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസ് തേച്ചു മായ്ച്ചു കളയാനുള്ള നീക്കമാണിതെന്ന് ആരോപണമുയർന്നു. അതിനിടെ സമരത്തിന് പിന്നിൽ പ്രവർത്തിച്ചത് ലൈബ്രേറിയൻ സീമയാണെന്ന് പറഞ്ഞ് അവരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിനു പുറമെ 10 പേജ് കുറ്റപത്രം കഴിഞ്ഞ ദിവസം അവർക്ക് നൽകിക്കഴിഞ്ഞു. പിരിച്ചുവിടുമെന്ന ഭീഷണിയും കത്തിലുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും അപവാദ പ്രചരണങ്ങളുമാണ് സീമക്കെതിരെ മാനേജ്മെന്റും പ്രിൻസിപ്പലും നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻറ് സ്റ്റാഫ് യൂണിയൻ ജില്ലാ നേതൃത്വം അറിയിച്ചു.
No comments
Post a Comment