Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവള വികസനത്തിന് ഒരു കോടി ഓഹരി കൂടി വിറ്റഴിക്കുന്നു



    മട്ടന്നൂർ:
    കണ്ണൂർ രാജ്യാന്തര വിമാനത്താവള (കിയാൽ) വികസനത്തിനു പണം കണ്ടെത്താൻ ഒരു കോടി ഓഹരികൾ കൂടി വിറ്റഴിക്കുന്നു. അപേക്ഷ സ്വീകരിച്ചു തുടങ്ങി. കമ്പനികൾ, സഹകരണ സംഘങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് ഓഹരികൾ സ്വന്തമാക്കാം. 151 രൂപയാണ് ഓഹരിവില. മിനിമം 500 ഓഹരികൾ വാങ്ങണം. എയർസൈഡ് വിപുലീകരണം, എയർ കാർഗോ കോംപ്ലക്സ്, കിയാൽ ഓഫിസ് കെട്ടിട നിർമാണം എന്നിവയ്ക്കു പണം കണ്ടെത്താനാണ് ഓഹരികൾ വിറ്റഴിക്കുന്നത്. നിലവിൽ 8000 ഓഹരിയുടമകളുണ്ട്.

    യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലെ വർധന കണക്കിലെടുത്തു കൂടുതൽ വിമാനങ്ങൾക്കു പാർക്കിങ് സൗകര്യം ഒരുക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. 2020 ഡിസംബറിനകം 20 പാർക്കിങ് ഏരിയകൾ കൂടി ഒരുക്കാനാണു പദ്ധതി. നിലവിൽ ഒരേ സമയം 20 വിമാനങ്ങളാണ് പാർക്ക് ചെയ്യാൻ കഴിയുക. സൗകര്യം കൂട്ടുന്നതോടെ 40 വിമാനങ്ങൾക്ക് ഒരേ സമയം നിർത്തിയിടാം.

    എയർ‌ കാർഗോ കോംപ്ലക്സിന്റെ പണി അവസാന ഘട്ടത്തിലാണ്. അടുത്ത മാസം ചരക്കുനീക്കം തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. കിയാൽ ഓഫിസിനായി ടെർമിനൽ കെട്ടിടത്തിനു മുൻവശം കെട്ടിട സമുച്ചയത്തിന്റെ പണിയും പുരോഗമിക്കുന്നുണ്ട്. ഓഹരി വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

    വിമാനങ്ങളുടെ ലാൻഡിങ് ഫീസ്, പാർക്കിങ് ഫീസ്, കടകളിൽ നിന്നും ലഭിക്കുന്ന വാടക, ടാക്സി പാർക്കിങ് ഫീസ്, എയറോബ്രിജ് യൂസേജ് ചാർജ് എന്നിവയാണു ദൈനംദിന ആവശ്യങ്ങൾക്കെടുക്കുക. വിമാനത്താവളം ലാഭത്തിലാകണമെങ്കിൽ കൂടുതൽ വിദേശ വിമാനങ്ങൾ കണ്ണൂരിലെത്തണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad