Header Ads

  • Breaking News

    തീ കെടുത്താൻ ഇനി പെൺകരങ്ങളും; 100 ഫയർ വുമൺ നിയമനം ഉടൻ



    അഗ്നിരക്ഷാ സേനയിൽ 100 വനിതകളെ നിയമിക്കാൻ സർക്കാർ വി‌ജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിൽ മന്ത്രിസഭായോഗം തീരുമാനിച്ചതാണെങ്കിലും നടപടിക്രമങ്ങൾ ഒരു വർഷത്തോളം നീണ്ടുപോയി. സ്പെഷ്യൽ റൂൾ രൂപീകരിക്കുന്നത് വൈകുമെന്നതിനാൽ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ നിയമനം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

    ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി വിശ്വാസ്‌ മേത്ത ഇറക്കിയ ഉത്തരവ് പി.എസ്.സി അംഗീകരിച്ച് ഒഴിവുകൾ വിജ്ഞാപനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് അഗ്നിരക്ഷാ സേനയിൽ വനിതകളെ ഉൾപ്പെടുത്തുന്നത്.നേരിട്ട് നിയമനം നടത്തുന്ന ജൂനിയർ ഫയർ ഫൈറ്റർ, സ്റ്റേഷൻ ഓഫീസർ തസ്തികകളിൽ പത്തു ശതമാനം വനിതകൾക്കു സംവരണം ചെയ്യണമെന്ന ഫയർഫോഴ്സ് ഡയറക്ടർ ജനറലിന്റെ ശുപാർശ അംഗീകരിച്ചാണ് 100 ഫയർ വുമൺ തസ്തിക സൃഷ്ടിച്ചത്.

    ഏഴ് വർഷമെങ്കിലും സേനയിൽ പ്രവർത്തിക്കാമെന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ ബോണ്ട് നൽകണം. ബോണ്ട് പാലിച്ചില്ലെങ്കിൽ സർക്കാരിന് അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. തൃശൂരിലെ ഫയർസർവീസ് ട്രെയിനിംഗ് സ്കൂളിലും തുടർന്ന് ഏതെങ്കിലും ഫയർ സ്റ്റേഷനിലും ആറു മാസം വീതം പരിശീലനവുമുണ്ടാകും.

    പരിശീലനത്തിന്റെ അവസാനകാലത്ത് എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും നടത്തും. ഇവയിൽ വിജയിക്കാനായില്ലെങ്കിൽ പരിശീലനം ഒരു മാസം കൂടി നീളും. റീ ടെസ്റ്റിലും പരാജയപ്പെട്ടാൽ ഫയർഫോഴ്സ് മേധാവിക്ക് ഒരു അവസരം കൂടി നൽകാം. ഇതിലും പരാജയപ്പെട്ടാൽ പുറത്താക്കും.

    തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ 15 വീതം ഫയർ വുമണിനെ നിയമിക്കും. ശേഷിക്കുന്നവരെ 11 ജില്ലകളിൽ അഞ്ചു വീതം വിന്യസിക്കും. സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ പ്രൊമോഷൻ തസ്തികകളിൽ ഭാവിയിൽ വനിതകൾ എത്തിപ്പെടും. നിലവിൽ 4500 പുരുഷന്മാരാണ് അഗ്നിരക്ഷാസേനയിലുള്ളത്.

    ത്യോഗ്യത പ്ളസ് ടു18നും 26നും മദ്ധ്യേ. പ്ലസ് ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 152 സെന്റിമീറ്ററെങ്കിലും ഉയരമുണ്ടാവണം. പട്ടിക വിഭാഗക്കാർക്ക് 150 സെ. മീറ്റർ മതി. നീന്തൽ വൈദഗ്ദ്ധ്യം നിർബന്ധം. കാഴ്ചക്കുറവുമുണ്ടാവരുത്.

    100, 200 മീറ്റർ ഓട്ടം, ഹൈജമ്പ്, ലോംഗ്ജമ്പ്, ഷോട്ട്പുട്ട്, ത്രോബാൾ, ഷട്ടിൽ റേസ്, സ്കിപ്പിംഗ് എന്നിവയിൽ അഞ്ചെണ്ണത്തിൽ വിജയിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അഭിലഷണീയം.നഗരങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ വനിതകളെ നിയമിക്കും. തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുമെല്ലാം ഇനി സ്ത്രീകളുമുണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad