Header Ads

  • Breaking News

    കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1100 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം



    നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1100 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. പ്രധാന പദ്ധതിയായ തെക്കിബസാർ – കാൽടെക്സ് ഫ്ളൈ ഓവർ നിർമ്മാണം ഉടൻ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കണ്ണൂർ എം.എൽ.എ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    നഗരത്തിൽ ഏറ്റവും വാഹന തിരക്കേറിയ തെക്കിബസാർ, കാൽടെക്‌സ് ജംഗ്ഷൻ ഭാഗങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഫ്‌ളൈ ഓവർ നിർമ്മാണത്തിന് അനുമതി ലഭിച്ചത്. ഫ്‌ളൈ ഓവറിന്റെ നിർമ്മാണം ബി. ആർ.ഡി.സിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. 

    കിറ്റ്കോ ഫ്‌ളൈ ഓവറിന്റെ റിപ്പോർട്ട് തയാറാക്കി കിഫ്ബിയെ ഏല്പിച്ചു. ദേശീയപാത 66ൽ കിംസ്റ്റ് ആശുപത്രിക്ക് സമീപത്തു നിന്ന് തുടങ്ങി ട്രെയിനിംഗ് സ്‌കൂളിനു സമീപം അവസാനിക്കുന്ന നിർദ്ദിഷ്ട ഫ്‌ളൈ ഓവറിന് 10 മീറ്ററാണ് വീതി,ഫ്‌ളൈ ഓവറിൽ കൂടി രണ്ട്‌വരി ഗതാഗതമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫ്‌ളൈ ഓവറിന് ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡും 2.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളൈ ഓവറിന്റെ നിർമ്മാണത്തിനായി 150 സെന്റ് സ്ഥലവും അനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. 


    ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ടൗൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് മേലെ ചൊവ്വ. മേലെ ചൊവ്വയിൽ കണ്ണൂർ തലശ്ശേരി റൂട്ടിൽ 28.68 കോടി രൂപയുടെ അടിപ്പാതയ്ക്കും ഭരണാനുമതിയും കിഫ്ബിയിൽ നിന്ന് ധനാനുമതിയും ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതികാഘാത പഠനം പൂർത്തിയായി. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. 


    ഇതിന് 50.34 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകൾ വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 738 കോടി രൂപയുടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിക്ക് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ഭരണാനുമതിയായിട്ടുണ്ട്. നഗരത്തിലെ 11 റോഡ് ശൃംഖലകൾ ശാസ്ത്രീയമായി വികസിപ്പിക്കും. വാഹന ഗതാഗതത്തിനു പുറമേ കാൽനട യാത്രക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കും.

     ട്രാഫിക്ക് ലൈറ്റ് സംവിധാനങ്ങളും, ഡ്രെയിനേജ്, ട്രാഫിക് ജംഗ്ഷന് പ്രത്യേക ഡിസൈൻ, യൂട്ടിലിറ്റി സർവീസ് തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തും. ഭൂമി ഏറ്റെടുക്കുന്നതിനായി 337 കോടിയും റോഡ് വികസനത്തിനായി 401 കോടി രൂപയുമായാണ് അനുവദിച്ചിരിക്കുന്നത്. 

    ഭൂമി ഏറ്റെടുക്കുന്നതിന് തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക ലാൻഡ് അക്വിസിഷൻ യൂണിറ്റ് കണ്ണൂരിൽ പ്രവർത്തനം തുടങ്ങി. 43.42 കി.മീ റോഡ് വികസിപ്പിക്കുന്നതിനുവേണ്ടി 26 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad