ചാന്ദ്രയാൻ 2 ആദ്യ ചിത്രമയച്ചു ...ഇതാ...
ചന്ദ്രനിൽ ഇറങ്ങാനൊരുങ്ങുന്ന ചാന്ദ്രയാൻ–-2 ദൗത്യപേടകത്തിൽ നിന്ന് ആദ്യ ദൃശ്യങ്ങൾ അയച്ചുതുടങ്ങി. വ്യാഴാഴ്‌ച പുലർച്ചെ 12.33ന് ചന്ദ്രന്റെ ചിത്രം ഭൂമിയിലേക്ക് അയച്ചു. ചന്ദ്രന്റെ 2650 കിലോമീറ്റർ മുകളിൽ നിന്ന് എടുത്ത ചിത്രത്തിൽ ചന്ദ്രോപരിതലത്തിലെ കുഴികളും മറ്റും അവ്യക്തമായി കാണാം. പരീക്ഷണാർഥമാണ് ചിത്രങ്ങൾ എടുത്തത്.
പേടകത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുമെന്ന പൂർണവിശ്വാസത്തിലാണ് ഐഎസ്‌ആർഒ. ചന്ദ്രനിൽ ലാൻഡർ(വിക്രം) ഇറങ്ങാൻ രണ്ടാഴ്‌ച ബാക്കിനിൽക്കേ പേടകത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.
അടുത്തമാസം ഏഴിന് പുലർച്ചെ 1.55 നാണ് ലാൻഡർ പ്രതലത്തിൽ ഇറങ്ങുക. 14 ദിവസം നീളുന്ന ചന്ദ്ര ദിവസത്തിന്റെ തുടക്കത്തിലാണിത്. പേടകത്തിലെ ജ്വലനസംവിധാനം ഉപയോഗിച്ച് 30 കിലോമീറ്റർ മുകളിൽനിന്ന് 1.40 ന് ലാൻഡറിനെ ചാന്ദ്രപ്രതലത്തിലേക്ക് തള്ളിവിടും.
അതിവേഗത്തിൽ താഴേക്കു പതിക്കുന്ന പേടകത്തെ സ്വയം നിയന്ത്രിത ത്രസ്‌റ്റർ റോക്കറ്റുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് നിയന്ത്രിക്കും. സെൻസറുകൾ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം പ്രവർത്തിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഇവയ്‌ക്കുണ്ട്. പേടകം പ്രതലത്തോട് അടുക്കുമ്പോൾ അഞ്ചിരട്ടി ശക്തിയിൽ പൊടിപടലം ഉയരാനുള്ള സാധ്യത ഏറെയാണ്.
ഇത് ലാൻഡറിലെ സൗരോർജ പാനലടക്കമുള്ള ഉപകരണങ്ങളെ തകരാറിലാക്കുമോ എന്ന ഭീഷണിയുമുണ്ട്.
ഇതൊഴിവാക്കാൻ ത്രസ്‌റ്ററുകളിൽ നാലെണ്ണത്തിന്റെ ജ്വലനം പൂർണമായി നിർത്തിവയ്‌ക്കും. ചന്ദ്രനെ തൊടുന്ന അവസാന നിമിഷങ്ങൾ മധ്യഭാഗത്തുള്ള ഏക ത്രസ്‌റ്റിന്റെ പ്രവർത്തനക്ഷമതയെ ആശ്രയിച്ചായിരിക്കും. ചന്ദ്രഗർത്തങ്ങൾക്കിടയിലെ സമതലമാണ് ലാൻഡർ ഇറങ്ങുന്നതിനായി നിശ്‌ചയിച്ചിട്ടുള്ളത്.
No comments
Post a Comment