മലപ്പുറത്തു വീട് തകര്‍ന്ന് 4 മരണം; സംസ്ഥാനത്ത് 15 മരണം
മലപ്പുറം എടവണ്ണ കുണ്ടുതോടില്‍ വീട് തകര്‍ന്ന് 4 മരണം. കുണ്ടുതോട് സ്വദേശി ഉനൈസ്, സന, നുസ്രത്ത് , ശനില്‍ എന്നിവരാണ് മരിച്ചത് . കുറ്റ്യാടിയില്‍ ഒഴുക്കില്‍ പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂര്‍ മുഹമ്മദ്ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 15 ആയി
സംസ്ഥാനത്ത് ജനങ്ങളെ ആശങ്കയിലാഴ്ത്തി ശമനമില്ലാതെ മഴയും കാറ്റും തുടരുകയാണ് . സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാലുപേരെയും കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെയും കാണാതായി .വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി . മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ് .
നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. വയനാട് മേപ്പാടി ചൂരല്‍മലയില്‍ വന്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ രാവിലെയോടെ വീണ്ടും സജീവമാകും.
ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടി, നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. ഇതിനിടെ കേന്ദ്ര ജല കമ്മിഷന്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മൂന്നാറും മാങ്കുളവും മറയൂരും കോഴിക്കോട് തെങ്ങിലക്കടവും അട്ടപ്പാടിയും പൂര്‍ണമായി ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു . റോഡും വൈദ്യുത ബന്ധങ്ങളും തകര്‍ന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്. റണ്‍വേയില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് തടസപ്പെട്ട നെടുമ്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഊര്‍ജിതമായി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്തമഴയും വെള്ളപ്പൊക്കവും റെയില്‍–റോഡ് ഗതാഗതത്തെയും ബാധിച്ചു
No comments
Post a Comment