കണ്ണൂർ ജില്ലയിൽ ആദ്യമായി ഇലക്ട്രിക്ക് ഓട്ടോ നിരത്തിലിറക്കി ചമ്പാട് അരയാക്കൂൽ സ്വദേശി വിജേഷ്.ഓട്ടോ സ്വന്തമാക്കിയത് രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്ക്
അരയാക്കൂൽ യുവദീപ്തി ബസ് സ്റ്റോപ്പിന് സമീപം
മീത്തലെ പിലാക്കാവിൽ വിജീഷാണ് ഇലക്ട്രിക്ക് ഓട്ടോ സ്വന്തമാക്കിയത്. രണ്ട് ലക്ഷത്തി 75000 രൂപയാണ് ഇലക്ട്രിക്ക് ഓട്ടോയ്ക്കായി മുടക്കിയത്.
കണ്ണൂർ ജില്ലയിൽ ആദ്യമായെത്തിയ നവാഗതനെ കണ്ട് ഡ്രൈവർമാരും യാത്രക്കാരും ഓടിയെത്തി. ഓരോ സ്ഥലത്തും സെൽഫിയെടുക്കാൻ ഉൾപ്പടെ ആളു കൂടി. എഞ്ചിൻ ഇല്ലാത്തതിനാൽ പൂർണ്ണമായും നിശബ്ദമായുള്ള സഞ്ചാരം. ഹോൺ മുഴക്കിയാൽ മാത്രമെ വാഹനത്തിന്റെ സാന്നിധ്യം പോലുമറിയൂ. തിരുവനന്തപുരത്തും, ഏറണാകുളത്തും നേരത്തെയെത്തിയ ഈ അതിഥിയെ വടക്കെ മലബാറുകാർ മൈൻഡ് ചെയ്തിരുന്നില്ല. കോഴിക്കോട്ടെ ഡീലറായ ചോളയാണ് വാഹനമെത്തിച്ചത്. പാവങ്ങാട്ടും, ബേപ്പൂരും രണ്ട് ഓട്ടോകളിറങ്ങി. മൂന്നാമത്തേതാണ് നേരത്തെ ബുക്ക് ചെയ്തിരുന്ന വിജീഷിനെ തേടിയെത്തിയത്. 3 മണിക്കൂർ 50 മിനിറ്റ് ചാർജ് ചെയ്താൽ 130 കിലോമീറ്റർ വരെ സുഖമായി യാത്ര ചെയ്യാം. കേരളാ പെർമിറ്റാണ് വാഹനത്തിനുള്ളത്.ഗവൺമെന്റ് പ്രളയ സെസിൽ നിന്നും ഇലക്ട്രിക്ക് ഓട്ടോയെ ഒഴിവാക്കിയിട്ടുമുണ്ട്. ബോഡി ഫൈബറിന്റേതാണ്. തിരിച്ചറിയാൻ വേണ്ടി പ്രത്യേക കളറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കുതിക്കുവാനാകും. മൂന്ന് സ്വിച്ചുകളിലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്. 3 വർഷത്തെ ഗ്യാരണ്ടിയും വാഹനത്തിന് നൽകുന്നുണ്ട്. മുഖ്യമായും പുകശല്യമില്ലെന്നതാണ് ഇലക്ട്രിക്ക് ഓട്ടോയിലേക്ക് തന്നെ ആകർഷിച്ചതെന്നും വിജീഷ് പറഞ്ഞു.
No comments
Post a Comment