ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് സിറാജ് പത്രം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചു
തിരുവനന്തപുരം:
സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു.
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ സ്വദേശമായ വാണിയന്നൂരിൽ എത്തിക്കും.
പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.
No comments
Post a Comment