Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ



          കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഇൻസ്പെക്ടറെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റ് ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കണ്ണൂർ വിമാനത്താവളത്തിൽ നാലുകോടിയിലേറെ രൂപ വിലമതിക്കുന്ന 11 കിലോ സ്വർണവുമായി മൂന്നുപേർ പിടിയിലായ കേസിലാണ് രാഹുലിന്റെ അറസ്റ്റ്. സ്വർണക്കടത്തുകാർക്ക് സഹായം ചെയ്യുന്നുവെന്ന സംശയത്തെ തുടർന്ന് മാസങ്ങളായി രാഹുൽ നിരീക്ഷണത്തിലായിരുന്നു.

    കരിപ്പൂർ വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ഇയാളെ പിന്നീട് കോഴിക്കോട് പ്രിവന്റീവ് വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മറ്റ് വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയിരുന്ന സംഘങ്ങൾക്ക് സഹായം ചെയ്യുന്നത് തുടർന്നു. കൊച്ചിയിലെ ഡിആർഐ ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാൾക്കൊപ്പം കസ്റ്റഡിയിൽ എടുത്ത മറ്റു മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആർഐ ചോദ്യം ചെയ്യുകയാണ്.

    സ്വർണക്കടത്തുകാരുമായി രാഹുലിന് ബന്ധമുണ്ടെന്ന് കോഴിക്കോട് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഡിആർഐ റിപ്പോർട്ടു കൂടി പരിഗണിച്ച് വകുപ്പുതല നടപടിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ്. കൊടുവള്ളി കേന്ദ്രമായുള്ള സംഘത്തിന് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്ന് ഡിആർഐ കണ്ടെത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad