കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒ.പി. ടിക്കറ്റ് ഫീസ് അഞ്ചുരൂപ
കണ്ണൂർ :
കണ്ണൂർ ജില്ലാ ആശുപത്രിയിലും ഒ.പി. ടിക്കറ്റ് ഫീസ് അഞ്ചുരൂപയാക്കി. നിലവിൽ രണ്ടു രൂപയാണ് വാങ്ങുന്നത്. സെപ്റ്റംബർ ഒന്നുമുതൽ അഞ്ചു രൂപാ നിരക്ക് പ്രാബല്യത്തിലാക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു.
താലൂക്ക് ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മറ്റ് ആശുപത്രികളിലും നേരത്തെ തന്നെ അഞ്ചു രൂപയാണ് ടിക്കറ്റിന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വാങ്ങുന്നത്. ജില്ലാ ആശുപത്രിയിലും അഞ്ചു രൂപ വാങ്ങണമെന്ന് സർക്കാർ നേരത്തേ തന്നെ നിർദേശിച്ചതാണ്.
ആശുപത്രിയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ, പെട്ടെന്നുണ്ടാവുന്ന മറ്റ് ചെലവുകൾ എന്നിവ മാനേജ്‌മെന്റ് കമ്മിറ്റി ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. ആശുപത്രിയിൽ നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്തണമെങ്കിൽ 50 രൂപ ഫീസ് വാങ്ങാനും തീരുമാനമായി.
പ്രസവസമയത്ത് നൽകുന്ന പേര് തിരുത്തുന്നതുമായി ബന്ധപ്പെട്ടാണിത്. ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കിൽ നിന്ന് മറ്റ് ആശുപത്രികളിലേക്ക് രക്തം നൽകുന്നത്തിന് യൂണിറ്റൊന്നിന് ഇപ്പോൾ വാങ്ങുന്ന നിരക്കിൽ 50 രൂപയുടെ വർധന വരുത്താനും തീരുമാനിച്ചു.
എസ്.സി, എസ്.ടി, വിഭാഗത്തിൽ പെട്ടവർക്കും ബി.പി.എൽ പട്ടികയിൽ പെട്ടവർക്കും ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മറ്റുള്ളവരിൽ പണം നൽകാൻ കഴിയാത്തവരെ അതിന് നിർബന്ധിക്കുകയുമില്ല. ടിക്കറ്റിന് പണം നൽകാത്തതിനാൽ ചികിത്സ നിഷേധിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
No comments
Post a Comment