പാക് യുദ്ധവിമാനം വെടിവെച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം; സ്‌ക്വാര്‍ഡന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ്‌സേവ മെഡല്‍
പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം. യുദ്ധകാലത്ത് സൈനികര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര. രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സൈനിക ബഹുമതിയാണ് വീര്‍ചക്ര. 20 വര്‍ഷത്തിന് ശേഷമാണ് ഒരു സൈനികന് വീര്‍ ചക്ര സമ്മാനിക്കുന്നത്. സ്‌ക്വാര്‍ഡന്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധ്‌സേവ മെഡലും ലഭിക്കും.
സ്വാതന്ത്രദിനാഘോഷത്തിനിടെ പുരസ്‌കാരം സമ്മാനിക്കും. ബാലാക്കോട്ടെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാനെത്തിയ പാക്ക് യുദ്ധവിമാനങ്ങള്‍ ധീരമായി പിന്തുടര്‍ന്നു വെടിവച്ചു വീഴ്ത്തിയതിനാണു പുരസ്‌കാരം. പുല്‍വാമയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ഇന്ത്യ പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാര്‍ച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്. ശ്രീനഗര്‍ വ്യോമതാവളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന അഭിനന്ദന്‍ സുരക്ഷാ കാരണങ്ങള്‍ മൂലം നിലവില്‍ മറ്റൊരു ക്യാംപിലാണുള്ളത്.
No comments
Post a Comment