മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു.
എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
അണുബാധയും ശ്വാസതടസ്സവുമാണ് മുഖ്യ ആരോഗ്യ പ്രശ്‌നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ശ്വാസകോശത്തിലെ നീര്‍ക്കെട്ട് മൂലം ശ്വാസതടസ്സം നേരിടുന്നുണ്ടെങ്കിലും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എത്തി അരുണ്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.
ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലി അനാരോഗ്യത്തെ തുടര്‍ന്നു ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പീയൂഷ് ഗോയലാണു ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരുന്നത്.
No comments
Post a Comment