വീണ്ടും ന്യൂനമര്‍ദം; കാലവര്‍ഷം ശക്തിപ്പെടും; തീര ജില്ലകളില്‍ പരക്കെ മഴകിട്ടും
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പതിനഞ്ചാം തീയതിവരെ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടേക്കും. തീരദേശ ജില്ലകളില്‍ പരക്കെ മഴകിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടയുണ്ട്. അതേസമയം അതിതീവ്രമഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ഹൈറേഞ്ചിലെ മഴ കുറയാനാണ് സാധ്യത. കടല്‍പ്രക്ഷുബ്ധമാണ്, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുണ്ടാകും. മത്സ്യതൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണം.
അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. ഇതുവരെ 78 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. ആയിരത്തി അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തോളംപേരാണ് ഉള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ ഇടവിട്ട് മഴയുണ്ട്. പാലക്കാട്ട് അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞു. നെല്ലിയാമ്പതിയും അട്ടപ്പാടിയും ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ ഗതാഗത തടസംനീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു. കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്.
No comments
Post a Comment