പയ്യന്നൂർ താലൂക്ക് ആസ്പത്രിയിൽ വരുന്നത് അത്യാധുനിക സൗകര്യങ്ങൾ
പയ്യന്നൂർ:
പയ്യന്നൂർ താലൂക്ക് ആസ്പത്രിയുടെ സമഗ്രമായ മാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി ബോർഡ് തുക അനുവദിച്ചു. ഏഴ് നിലകളിലായി ആധുനിക സൗകര്യങ്ങളോടെ ആസ്പത്രിയുടെ വികസനം നടത്താൻ 56.31 കോടി രൂപയാണ് അനുവദിച്ചത്. ഡയാലിസിസ് സെന്റർ, സ്കാനിങ് വിഭാഗം, ട്രോമാകെയർ, പ്രത്യേക വാർഡുകൾ, പോസ്റ്റ് ഓപ്പറേഷൻ വാർഡ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കും.
താഴത്തെനിലയിൽ അത്യാഹിതവിഭാഗവും ഒ.പി.യും ഒബ്സർവേഷൻ വാർഡുകളും ഉണ്ടാകും. കൂടാതെ, സി.ടി. സ്കാൻ, എക്സ്റേ സംവിധാനങ്ങളും ഇതേനിലയിൽ ഒരുക്കും. ഒന്നാംനിലയിൽ പീഡിയാട്രിക് വാർഡും പി.ഐ.സി.യു.വും പീഡിയാട്രിക്ക് ഒ.പി.യും ഉണ്ടാകും. രണ്ടാംനിലയിൽ സ്ത്രീകളുടെ വാർഡും എം.ഐ.സി.യു.വും ആണ് ഉണ്ടാവുക.
മൂന്നാംനിലയിൽ ഗൈനക്ക് ഒ.പി., ലേബർ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ ഒരുക്കും. നാലാംനിലയിൽ പുരുഷവാർഡും റീഹാബിലിറ്റേഷൻ സെന്ററും സെമിനാർ ഹാളുമാണ് നിർമിക്കുക. അഞ്ചാംനിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐ.സി.യു., സ്ത്രീകളുടെ സർജിക്കൽ വാർഡ് എന്നിവയും ഉണ്ടാകും. ആറാംനിലയിൽ ഓപ്പറേഷൻ തീയേറ്ററും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും ഏഴാം നിലയിൽ എല്ലാവിധ ലാബുകളുമാണ് തയ്യാറാക്കുക.
കെട്ടിടങ്ങളുടെയും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമാണ് നിലവിൽ തുക അനുവധിച്ചിട്ടുള്ളത്. നിർമാണ പ്രവർത്തനങ്ങൾ പകുതി പൂർത്തിയാകുന്നതിനനുസരിച്ച് അത്യാധുനികമായ ഉപകരണങ്ങൾ വാങ്ങാൻ തുക അനുവദിക്കും.
ജില്ലയിൽ ഏറ്റവുമധികം ആളുകൾ ചികിത്സതേടുന്ന താലൂക്ക് ആസ്പത്രികളിൽ ഒന്നാണ് പയ്യന്നൂരിലെ ആസ്പത്രി. പയ്യന്നൂർ താലൂക്കിന്റെ രൂപവത്കരണത്തോടെ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആസ്പത്രിയായി ഇത് മാറി. നിലവിൽ എട്ട് ഡിപ്പാർട്ടുമെന്റുകളിലായി 21 ഡോക്ടർമാരും 116 ജീവനക്കാരുമാണ് ഇവിടെയുള്ളത്.
സങ്കേതിക നടപടി ഉടൻ പൂർത്തീകരിക്കും -എം.എൽ.എ.
താലൂക്ക് ആസ്പത്രിയെ സംബന്ധിച്ച് ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും വലിയ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞദിവസം അനുവദിച്ച തുകയിലൂടെ നടക്കുകയെന്ന് സി.കൃഷ്ണൻ എം.എൽ.എ. പറഞ്ഞു. എത്രയും പെട്ടന്ന് സാങ്കേതികനടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കും.
No comments
Post a Comment