പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് തുറന്നു ; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടാം സ്ലൂയിസ് ഗേറ്റ് തുറന്നു
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് ഉയര്‍ത്തും. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ മാത്രമാണ് ചെറിയ തോതില്‍ ജലം പുറത്തേക്ക് വിടുക. 74.60 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ ജലനിരപ്പ് 77.49 മീറ്റര്‍ ആണ്. പരമാവധി ജലനിരപ്പ് 79.25 മീറ്റര്‍. നിലവില്‍ വാട്ടര്‍ അതോറിറ്റിക്ക് കുടിവെള്ള വിതരണത്തിനായല്ലാതെ വെള്ളം പുറത്തേക്ക് വിടുന്നില്ല. പീച്ചി ഡാം തുറക്കുന്ന സാഹചര്യത്തില്‍ മണലിപ്പുഴയുടെയും കരുവന്നൂര്‍ പുഴയുടെയും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.ജില്ലാ കളക്ടര്‍ നിര്‍ദ്ദേശമനുസരിച്ച് കണ്ണാറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍, നെന്‍മണിക്കര, പീച്ചി, പറപ്പൂക്കര, മൂര്യാട്, അളഗപ്പനഗര്‍, വെള്ളാങ്ങല്ലൂര്‍, കാറളം, കാട്ടൂര്‍, പുതുക്കാട് ഗ്രാമപഞ്ചായത്തുകള്‍, തൃശൂര്‍ കോര്‍പറേഷന്‍, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കി.ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച രണ്ട് മണിക്ക് തുറന്നു. ബുധനാഴ്ചയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഇതിന് അനുമതി നല്‍കിയത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്തിന്റെ രണ്ടാം സ്ലൂയിസ് ഗേറ്റ് ചൊവ്വാഴ്ച അടച്ചതായിരുന്നു.ചൊവ്വാഴ്ച സംഭരണ ശേഷിയുടെ 37 ശതമാനം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. നിലവിലത് 64.297 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 419.65 മീറ്ററാണ് പെരിങ്ങല്‍ക്കുത്തിന്റെ ജലനിരപ്പ്. ഇതോടെ സ്ലൂയിസ് ഗേറ്റിന് പുറമെ ക്രസ്റ്റ് ഗേറ്റിലൂടെയും ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. ഡാമിന്റെ ജലനിരപ്പിന്റെ പരിധി 419.41 മീറ്ററില്‍ നിലനിര്‍ത്തി പകല്‍സമയത്ത് രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി തുറക്കാനാണ് നിര്‍ദേശം.
No comments
Post a Comment