അയ്യൻകുന്ന് പാലത്തിൻകടവിൽ വ്യാപകമായി കണ്ടെത്തിയ ഭൂമി വിണ്ടുകീറൽ പ്രതിഭാസം ആശങ്കാജനകമാണെന്ന് ജിയോളജി അധികൃതർ
ഇരിട്ടി:
അയ്യൻകുന്ന് പാലത്തിൻകടവിൽ വ്യാപകമായി കണ്ടെത്തിയ ഭൂമി വിണ്ടുകീറൽ പ്രതിഭാസം ആശങ്കാജനകമാണെന്ന് ജിയോളജി അധികൃതർ. ഇവിടങ്ങളിൽ താമസിക്കുന്നവർ താമസം മാറ്റുകയാണ് നല്ലതെന്ന് കണ്ണൂർ മൈനിംങ്ങ് ആൻഡ് ജിയോളജിയിലെ സീനിയർ ജിയോളജിസ്റ്റ് വി.ദിവാകരൻ ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപൂരം ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസി (എൻസിഇഎസ്എസ്) നെ കൊണ്ട് ഇവിടെ വിശദമായ പഠനം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ ശക്തമായ പേമാരിയിലാണ് പാലത്തിൻകടവ് - രാജീവ് നഗർ റോഡ് മേഖലയിൽ ഭൂമി വിണ്ട്കീറി ഇടിഞ്ഞമരുന്ന നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ 50 ഏക്കറിലധികം സ്ഥലത്ത് നിരവധി വിള്ളലുകൾ രൂപപ്പെട്ടുകഴിഞ്ഞു. ചില വിള്ളലുകൾക്ക് 25 സെന്റീമീറ്റർ വരെ അകലവും 300 മീറ്റർ വരെ നീളവും ഉണ്ട്. 3 വീടുകളും വിണ്ടു കീറി അപകടാവസ്ഥയിലായി . കുന്നേൽ ജോസഫ്, നടയ്ക്കൽ ജോർജ്, റോസമ്മ വടയാറ്റുകുന്നേൽ എന്നിവരുടെ വീടുകൾക്കാണ് വിള്ളലുണ്ടായത്. ഇതിൽ റോസമ്മയുടെ വീടിന്റെ തറയടക്കം വിണ്ടു കീറി ഇടിഞ്ഞ നിലയിലാണ്. താഴ് വാരത്ത് താമസിക്കുന്ന 8 കുടുംബങ്ങളും ഭീഷണിയിലാണ്.
പാലത്തിൻകടവിൽ നിന്ന് രാജീവ് നഗറിലേക്ക് കോൺകീറ്റ് ചെയ്ത് പണിത റോഡും കുറുകെ വിണ്ടു നിൽക്കുന്ന അവസ്ഥയിലാണ്. അയ്യൻകുന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ജിയോളജി വിദഗ്ധൻ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.
സണ്ണി ജോസഫ് എംഎൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, അംഗം മേരി റെജി കോട്ടയിൽ, കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ കാരക്കാട്ട്, ജോസ് പൂമരം എന്നിവർ സ്ഥലം സന്ദർശിച്ചു. അപകടഭീഷണിയിലായ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടി ഉടനടി ഉണ്ടാകണമെന്നും സുരക്ഷിതമായ മേഖലയിൽ സ്ഥലവും വീടും അനുവദിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
No comments
Post a Comment