പെട്രൊൾ പമ്പിൽ നിർത്തിയിട്ട ബസ് കടത്തി കൊണ്ടുപോയി മതിലിൽ ഇടിച്ചു തകർത്ത സംഭവത്തിൽ നാറാത്ത് സ്വദേശി അറസ്റ്റിൽ
പയ്യന്നൂർ:
പയ്യന്നൂരിലെ പെട്രൊൾ പമ്പിൽ നിർത്തിയിട്ട ബസ് അർദ്ധരാത്രിയിൽ കടത്തികൊണ്ടുപോയി പഴയങ്ങാടിയിലെ മതിലിൽ ഇടിച്ചു തകർത്ത സംഭവത്തിൽ മുൻ ബസ് ജീവനക്കാരൻ അറസ്റ്റിൽ.
നാറാത്ത് ആലങ്കീൽ സ്വദേശി ഇപ്പോൾ പരിയാരം കൊട്ടിയൂർ മഠം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി. ലതിൻ (25)നെയാണ് പയ്യന്നൂർ എസ്ഐ ശ്രീജിത്ത് കൊടെരിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 8 മണിയോടെ ഓട്ടം കഴിഞ്ഞ് പയ്യന്നൂർ നഗരസഭാ ഓഫീസിന് സമീപത്തെ പെട്രൊൾ പമ്പിൽ നിർത്തിയിട്ട കണ്ണൂർ – പയ്യന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 13 AJ 2390 നമ്പർ മാധവി ബസ് ആണ് ഇയാൾ മദ്യലഹരിയിൽ കടത്തികൊണ്ട് പോയത്.
താൽക്കാലിക ക്ലീനറായി ജോലിക്ക് കയറി ഇയാളെ ജോലിയിൽ നിന്നും ഒഴിവാക്കിയ വിരോധത്തിലാണ് ബസ് മോഷ്ടിച്ച് കൊണ്ട് പോയത്. ബസിന്റെ താക്കോൽ ബസ്സിൽ തന്നെ സൂക്ഷിക്കുന്നത് അറിയാവുന്ന ഇയാൾ രാത്രി തൂവാല കൊണ്ട് മുഖം മറച്ചാണ് പമ്പിൽ എത്തിയത്.ഇയാൾ ഇവിടെ എത്തുന്നതും ബസ് ഓടിച്ച് പോകുന്നതുമായ ദൃശ്യങ്ങൾ പോലീസ് നടത്തിയ ചടുലമായ നീക്കത്തിലൂടെ പെട്രൊൾ പമ്പിലെ നീരിക്ഷണ ക്യാമറയിൽ പതിഞ്ഞത് കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് തുമ്പുണ്ടായത്..ബസുമായിപയ്യന്നൂർ ടൗണിൽ കറങ്ങിയ ശേഷം പിലത്തറ വഴി പഴയങ്ങാടി ഭാഗത്തെക്ക് പോകുമ്പോൾ എരിപുരം അടുത്തില ഇറക്കത്തിൽ പ്രവാസിയായ മീത്തലെ പുരയിൽ മഹമ്മൂദിന്റെ വീട്ടു മതിൽ ഇടിച്ച് തകർക്കുകയായിരുന്നു..ഇന്ന് രാവിലെ 6 മണിയോടെ ഓട്ടം പോകാനായി ബസിലെ ഡ്രൈവറും കണ്ടക്ടറും കൂടി പമ്പിൽ എത്തിയപ്പോൾ ബസ് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസ് എരിപുരത്ത് കണ്ടെത്തിയത്. തുടർന്ന് ബസ് ഉടമ കൂത്ത്പറമ്പ് സ്വദേശി ശിവൻ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പരാതി ലഭിച്ചയുടൻ എസ്ഐയും സംഘവും ലതിനായി തിരച്ചിൽ നടത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് നക്ഷത്ര ആമകളെ കടത്തുന്ന സംഘത്തെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബസ് തകർത്ത സംഭവത്തിൽ പോലീസ് അരയും തലയും മുറുക്കി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിന് വൈകീട്ടോടെ ഫലം കണ്ടു.
No comments
Post a Comment