Header Ads

  • Breaking News

    പിടിച്ച് പറിക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍


    പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും പിടിച്ച് പറിക്കാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി തീര്‍ന്നിട്ട് വര്‍ഷങ്ങളായി. അന്നും ഇന്നും ഇവിടം ക്രിമിനലുകളുടെ കൈകളില്‍ തന്നെ. ഇന്നലെ രാവിലെയാണ് മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന എഗ്‌മോര്‍ എക്‌സ്പ്രസ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഒരാള്‍ യാത്രക്കാരന്റെ പോക്കറ്റടിച്ചത്. പിടിച്ച് പറിക്കാരന്‍ ട്രെയിനില്‍ നിന്നും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങിയോടുകയും രക്ഷപ്പെടുകയും ചെയ്തിരുന്നു. യാത്രക്കാരന്റെ തിരിച്ചറിയല്‍, ആധാര്‍, എ. ടി. എം കാര്‍ഡുകളും, ഡ്രൈവിംഗ് ലൈസന്‍സും, മൂവായിരം രൂപയും കൂടാതെ ട്രെയിന്‍ ടിക്കറ്റും പേഴ്സിലുണ്ടായിരുന്നു. പോക്കറ്റടിക്കാരന്‍ പേഴ്‌സുമായി ട്രെയിനില്‍ നിന്നും ഇറങ്ങി ഓടിയപ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കാനേ യുവാവിനും കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്കും കഴിഞ്ഞുള്ളൂ. യാത്രക്കാരില്‍ ഒരാള്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും പോക്കറ്റടിക്കാരന്‍ തൊട്ടടുത്ത ട്രെയിനില്‍ അടുത്ത ഇരയെ തേടി പുറപ്പെട്ടിരുന്നു. റെയില്‍വേ പോലീസോ, ലോക്കല്‍ പോലീസോ ഇവിടെ ഇല്ലാത്തത് ക്രിമിനലുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുവെന്നതാണ് യഥാര്‍ത്ഥ വസ്തുത. കഴിഞ്ഞ ദിവസമാണ് കവര്‍ച്ചാ ആസൂത്രണത്തിനിടെ തൃക്കരിപ്പൂര്‍ ഉടുംബുന്തല സ്വദേശിയുമായ വി മുഹമ്മദ് എന്ന കാലന്‍ മമ്മദിനെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും പോലീസ് പിടികൂടിയത്. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചോളം കൊലപാതകങ്ങളും നിരവധി കവര്‍ച്ചാ കേസുകളുമാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്നിട്ടുള്ളത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഹക്കീം കൊലപാതകത്തിന്റെ പ്രതികളെ പിടികൂടാന്‍ നിയമ പാലകര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. സംസ്ഥാനത്തെ തന്നെ പ്രധാന സ്റ്റേഷനുകളിലൊന്നായ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ അഭാവം വളരെ പരിതാപകരം തന്നെയാണ്. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി. ആര്‍. പി. എഫ് ക്യാമ്പ് ഇവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികളടക്കം ആശ്രയിക്കുന്ന ഏക റെയില്‍വേ സ്റ്റേഷനും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ തന്നെയാണ്. രാത്രി കാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രകാര്‍ക്കാണ് ഏറെ ബുദ്ധിമുട്ട്.

    No comments

    Post Top Ad

    Post Bottom Ad