പി.എസ്.സി പരീക്ഷ തട്ടിപ്പ്: പ്രതികള്‍ കുറ്റം സമ്മതിച്ചു ; ഉത്തരം എസ്എംഎസ് വഴി ലഭിച്ചുവെന്ന് വിശദീകരണം
പിഎസ്‌സി പോലീസ് കോൺസ്റ്റബിൾ പരീക്ഷ ക്രമക്കേടിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ശിവരഞ്ജിത്തും നസീമുമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചത്.പരീക്ഷാ സമയത്ത് ഉത്തരങ്ങൾ എസ്എംഎസായി ലഭിച്ചുവെന്നും 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരമെഴുതിയത് അവ നോക്കിയാണെന്നും പ്രതികൾ സമ്മതിച്ചു.
വിവാദമായ പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും പൂജപ്പുര ജയിലിലെത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്നു. എന്നാൽ ചോദ്യം പുറത്ത് പോയത് സംബന്ധിച്ച പൊരുത്തക്കേടുകൾ തുടരുകയാണ്. ചോദ്യം ചെയ്യലിൽ ഇതുമായി ബന്ധപ്പെട്ട കൃത്യമായ മറുപടി പ്രതികൾ നൽകിയില്ല.
അതിനിടെ പരീക്ഷാ ക്രമക്കേടിലെ അഞ്ചാം പ്രതി ബി സഫീർ അഗ്നിശമന സേനയുടെ ഫയർമാൻ ലിസ്റ്റിൽ ഉള്‍പ്പെട്ട തെളിവുകളും പുറത്തായി. ലിസ്റ്റിലെ 630ആം റാങ്കുകാരനാണ് സഫീര്‍. ശിവരഞ്ജിതിനും പ്രണവിനും മൊബൈല്‍ വഴി ഉത്തരം അയച്ചു കൊടുത്തയാളാണ് സഫീർ. ഇയാള്‍ ഒളിവിലാണ്. ഇതിനിടെയാണ് കൂടുതല്‍ റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയതിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ചോദ്യപേപ്പർ ചോർത്തി എസ്.എം.എസുകള്‍ വഴി ഉത്തരമയച്ച് പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാൽ മാത്രമേ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ ചുമത്താൻ കഴിയൂ. ഉത്തരമയക്കാനായി പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെത്തേണ്ടതുണ്. ഇതടക്കം പ്രതികളോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഈ മാസം എട്ടിനാണ് പരീക്ഷാ തട്ടിപ്പിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
No comments
Post a Comment