കണ്ണൂർ–തലശ്ശേരി ദേശീയപാതയിൽ കുഴി പ്രളയം
യാത്രക്കാരുടെ നടുവൊടിക്കാൻ ദേശീയപാതയിലെ കുഴികൾ. കണ്ണൂർ–തലശ്ശേരി ദേശീയപാതയിൽ 22 കിലോമീറ്റർ ദൂരത്തിൽ ഇരുവശത്തുമായി ചെറുതും വലുതുമായ 400 കുഴികൾ. ഈ കുഴികളിൽ വീണും ഇഴഞ്ഞും മുന്നോട്ടു പോകുമ്പോഴേക്കും ദേശീയപാതയിൽ ഉണ്ടാകുന്നത് അതിഭീകരമായ ഗതാഗതക്കുരുക്ക്. സ്കൂൾ, ഓഫിസ് പ്രവൃത്തി സമയങ്ങളിൽ ദേശീയപാതയിലെ ഓരോ കിലോമീറ്ററും മറികടക്കാൻ 10 മിനിറ്റിലേറെ സമയം വേണ്ട അവസ്ഥയാണ്.ഓണം സീസണിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ കുരുക്ക് രൂക്ഷമാകും.ശക്തമായ മഴയിൽ റോഡ് തകർന്നതിനു പുറമേ പൈപ്പ് പൊട്ടിയുണ്ടായ കുഴികളും റോഡരിക് ഇടിഞ്ഞു താഴ്ന്നുണ്ടായ ഗർത്തങ്ങളും വേറെയുമുണ്ട്.കണ്ണൂർ കാൽടെക്സ് മുതൽ താഴെചൊവ്വ വരെയുള്ള ദൂരത്തിൽ ആകെയുള്ളത് 50 കുഴികൾ.റോഡിനു കൃത്യം നടുവിൽ വട്ടത്തിൽ കുഴിച്ചെടുത്ത പോലെയുള്ള ഗർത്തങ്ങളിൽ വീണാൽ ഇരുചക്ര വാഹനയാത്രക്കാരുടെ നടുവൊടിയും. വലിയ വാഹനങ്ങളുടെ ടയർ ഇറങ്ങിയാലും പെട്ടതു തന്നെ.പാലങ്ങളിൽ കയറിയാലും രക്ഷയില്ല. കുഴികളുടെ കൂട്ടത്തിൽ സെഞ്ചുറിയുമായി മുഴപ്പിലങ്ങാട് പാലം മുൻപന്തിയിലുണ്ട്. തൊട്ടുപുറകെ അർധ സെഞ്ചുറിയുമായി ധർമടം പാലവുമുണ്ട്.
No comments
Post a Comment