കരിമ്പത്തെ കാർഗിൽ സ്തൂപത്തിന് സമീപത്തെ കൊടിമരം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു
സംസ്ഥാന പാതയോരത്ത് കരിമ്പം ഇടിസിക്കു മുന്നിലെ കാർഗിൽ സ്തൂപത്തിന് സമീപത്തെ കൊടിമരം സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചു. 1999ൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോധാക്കളുടെ സ്മരണക്കായി കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് സ്തൂപം. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ദേശീയ പതാക ഉയർത്തുന്നതിനാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. കരിമ്പത്തെ ഉദയാ സ്വാശ്രയ സംഘം പ്രവർത്തകരാണ് സ്തൂപത്തിന്റെ സംരക്ഷണ മേൽനോട്ടം വഹിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്തുപത്തിന്റെ പരിസരം ശുചീകരിക്കുന്നതിനായി എത്തിയ സംഘം പ്രവർത്തകരാണ് കൊടിമരം നഷ്ടമായത് കണ്ടത്. പരിശോധനയിൽ ഇരുമ്പ് പൈപ്പിൽ നിർമ്മിച്ച കൊടിമരം പൊട്ടിച്ച നിലയിൽ സ്തൂപത്തിന് എതിർവശത്ത് റോഡരികിലെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. ജില്ലയിൽ തന്നെ പ്രധാനപ്പെട്ട കാർഗിൽ സ്മാരകങ്ങളിലൊന്നാണ് കരിമ്പത്തേത്. കൊടിമരം തകർത്തത് സ്തൂപത്തിനെതിരായുള്ള അതിക്രമമാണെന്ന് കേരളാ എക്സ് സർവ്വീസ്മെൻ പൂമംഗലം യൂണിറ്റ് ഭാരവാഹികൾ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു. കൊടിമരം നശിപ്പിച്ചതിൽ ഇന്ന് വൈകിട്ട് ചേർന്ന ഉദയാ സ്വാശ്രയ സംഘം ജനറൽ ബോഡി യോഗം പ്രതിഷേധിച്ചു. തളിപ്പറമ്പ് പോലിസിൽ പരാതി നൽകി. ഇതൊടൊപ്പം തന്നെ കാർഗിൽ സ്മാരകത്തിന് സമീപം സ്ഥാപിച്ച എസ്ഡിപിഐയുടെ കൊടിമരവും കുണ്ടുലാട്ടിലെ കോൺഗ്രസിന്റെ കൊടിമരവും പ്രവർത്തകർ ഇരിക്കുന്ന ബെഞ്ചും നശിപ്പിച്ചിട്ടുണ്ട്.പോലീസ് സമീപപ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ ചില ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
No comments
Post a Comment