സംസ്ഥാനത്ത് മഴക്ക് ശമനം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴക്ക് ശമനം. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴ ദുര്‍ബലമായി. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 16 സെന്റിമീറ്റര്‍. ഈ മാസം ആദ്യം മുപ്പത് ശതമാനത്തില്‍ കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരാശരി മഴ ലഭിച്ചതായാണ് കണക്ക്. 1601 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷക്കാലത്ത് നമുക്ക് ലഭിക്കേണ്ടത്. ഇത്തവണ ലഭിച്ചത് 1619 മില്ലീമീറ്റര്‍ മഴ. ഇടുക്കിയില്‍ മാത്രമാണ് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തിയത്.
No comments
Post a Comment