പുരസ്‌കാര തിളക്കത്തിൽ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം
പിലാത്തറ:
ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ മികച്ച രണ്ടാമത്തെ ആരോഗ്യ കേന്ദ്രം. ആരോഗ്യ രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരമാണ് ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കിയത്. പുരസ്കാര തുകയായി രണ്ട് ലക്ഷം രൂപ വീതം മൂന്ന് വർഷം കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കും.
ഒപി വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ഭരണ നിർവഹണം വിഭാഗങ്ങളിലായി മുന്നൂറോളം മാനദണ്ഡം വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്. ഇതിൽ ചെറുതാഴം 98 ശതമാനം മാർക്ക് നേടി. സംസ്ഥാന സർക്കാരിന്റെ കായകൽപ്പം അവാർഡ് നേരത്തെ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം നേടിയിട്ടുണ്ട്.
ടി വി രാജേഷ് എംഎൽഎ, പഞ്ചായത്ത് ഭരണസമിതി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി, മെഡിക്കൽ ഓഫീസർ ഡോ. ടി രഞ്ജിത്ത് കുമാർ, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് പിന്നിൽ. 1973 ൽ റൂറൽ ഡിസ്പെൻസറിയായി ആരംഭിച്ചു. പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയർത്തി. ടി വി രാജേഷ് എംഎൽഎ താൽപര്യമെടുത്ത് സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി. 2017 സെപ്തംബറിൽ ജില്ലയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമായി.
പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി ചെയർപേഴ്സണും മെഡിക്കൽ ഓഫീസർ ഡോ. ടി രഞ്ജിത്കുമാർ കൺവീനറുമായ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ആറ് ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്.
പാലിയേറ്റിവ് ക്ലിനിക്, വയോജന ക്ലിനിക്, വിഷാദ രോഗ നിർണയ ക്ലിനിക്, ശ്വാസ് ക്ലിനിക്, ഗർഭിണികൾക്കുള്ള ക്ലിനിക്, കൗമാരാരോഗ്യ ക്ലിനിക്, ജീവിതശൈലീ രോഗ നിർണയ ക്ലിനിക്, നൂതന ലബോറട്ടറി, കാഴ്ച പരിശോധന സേവനങ്ങളും ലഭിക്കും.
ഇ- ഹെൽത്ത് സംവിധാനം ജില്ലയിൽ ആദ്യമായി നടപ്പിലാക്കായ ആശുപത്രിയിൽ ദിവസവും നാനൂറോളം പേർ ചികിത്സയ്‌ക്കെത്തുന്നു. ഫിസിയോ തെറാപ്പി യൂണിറ്റും എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി ഓപ്പൺ ജിംനേഷ്യവും ഒരുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാവതി, വൈസ് പ്രസിഡന്റ് പി കുഞ്ഞിക്കണ്ണൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി വി വത്സല, കെ ജനാർദനൻ, വി വി മനീഷ് എന്നിവർ പങ്കെടുത്തു.
No comments
Post a Comment