കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്ക്; മട്ടന്നൂരിൽ 23ന് ഓട്ടോ പണിമുടക്ക്
മട്ടന്നൂർ:
കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾക്ക് വിലക്കേർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 23ന് മട്ടന്നൂരിലും പരിസരത്തുമുള്ള ഓട്ടോ ഡ്രൈവർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്. വിമാനത്താവളത്തിൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും തടസം നേരിടുന്നതായി യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇതു മൂലം യാത്രക്കാർക്ക് ചെലവു കുറഞ്ഞ യാത്രാസൗകര്യം നിഷേധിക്കപ്പെടുകയാണ്.
മറ്റെല്ലാ വാഹനങ്ങളും വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകുകയും അവിടെ നിന്ന് കയറ്റുകയും ചെയ്യുമ്പോൾ ഓട്ടോറിക്ഷക്കാരെ തടഞ്ഞ് യാത്രക്കാർ ടാക്സിയിൽ സഞ്ചരിച്ചാൽ മതിയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് പലപ്പോഴും സംഘർഷത്തിന് ഇടയാക്കുന്നുണ്ട്.
വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ടാക്സികൾ പുറത്ത് നിന്ന് ആളുകളെ കയറ്റുകയും ചെയ്യുന്നുണ്ട്. ഓട്ടോ ഡ്രൈവർമാർക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണ്.പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, കിയാൽ എംഡി, പോലീസ്, ജനപ്രതിനിധികൾ എന്നിവർക്ക് യൂണിയൻ നിവേദനം നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ ആരോപിച്ചു.
പണിമുടക്കിന് മുന്നോടിയായി 22ന് വൈകുന്നേരം മട്ടന്നൂരിൽ പ്രതിഷേധ പ്രകടനവും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ വി.എൻ.മുഹമ്മദ്, ടി.ദിനേശൻ, കെ.സജിത്ത്, വി.അർഷാദ്, സുരേഷ് ബാബു, കെ.മനോജ്, ടി.കെ.ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
No comments
Post a Comment