Header Ads

  • Breaking News

    4000 കിടപ്പറ ദൃശ്യം; ‘ശ്വേത ബിജെപി പ്രചാരക’; ഹണിട്രാപ്പിൽ കുരുങ്ങി മധ്യപ്രദേശ് രാഷ്ട്രീയം


    രാജ്യത്തെ ‘ഏറ്റവും വലിയ’ ലൈംഗിക വിവാദത്തിന്റെ തിരശ്ശീല തുറന്ന് മധ്യപ്രദേശ്. ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉൾപ്പെടെ ‘പെൺകെണി’യിൽ (ഹണി ട്രാപ്പ്) കുടുങ്ങിയവരുടെ പട്ടിക ഓരോ ദിവസവും നീളുകയാണ്. അധികസമയത്തും ജോലിയെടുത്ത് അന്വേഷണ സംഘം കേസുമായി മുന്നേറുമ്പോൾ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങൾ.

    സെക്സ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്. ഭോപാലിലേതു രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മെമറി കാര്‍ഡുകളില്‍നിന്ന് തട്ടിപ്പുസംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ഇതു കൂടി ലഭ്യമായാല്‍ ലഭിച്ച ഡിജിറ്റല്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
    പുരുഷന്മാരെ വശീകരിക്കുന്ന സ്ത്രീകൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം വലവിരിച്ചതും സജീവമായതും. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങ് എന്ന യുവാവിന്റെ പരാതിയാണു ഹണിട്രാപ്പിന്റെ ഉള്ളറകളിലേക്കു വഴിതുറന്നത്.
    ഹണിട്രാപ്പിൽ പിടിയിലായവർ

    മധ്യപ്രദേശിലെ റേവയിൽ നിന്നുള്ള ഫുട്ബോളർ കൂടിയായ ഹർഭജന്റെ പരാതി മധ്യപ്രദേശ് രാഷ്ട്രീയത്തിലും െകാടുങ്കാറ്റ് സൃഷ്ടിക്കുന്നു. പെൺകെണി മാഫിയയുടെ വലിയ ശൃംഖല സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷണത്തിൽ പുറത്തുവന്നത്. ‘ഇരകളിൽ’ സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്.

    ശ്വേത വിജയ് ജെയ്ൻ വഴിയാണു മോണിക്ക യാദവിനെ ഹർഭജൻ പരിചയപ്പെടുന്നത്. നിർധന കുടുംബത്തിൽപെട്ട മോണിക്കയ്ക്കു ജോലി തരപെടുത്തി െകാടുക്കണമെന്നായിരുന്നു ശ്വേതയുടെ ആവശ്യം. വിട്ടുവീഴ്ചകൾക്കു തയാറായാൽ ജോലി ലഭിക്കുമെന്നായിരുന്നു ഹർഭജന്റെ പ്രതികരണം. അതിവേഗം ഇവർ സുഹൃത്തുക്കളായി. ഹോട്ടൽ മുറിയിലേക്കു കിടപ്പറ പങ്കിടാൻ ഹർഭജൻ മോണിക്കയെ ക്ഷണിച്ചു. രഹസ്യ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പെൺകുട്ടി ഹർഭജൻ അറിയാതെ ക്യാമറയിൽ പകർത്തി.

    സംസ്ഥാനമാകെ വ്യാപിച്ചു കിടക്കുന്ന സെക്സ് റാക്കറ്റിന്റെ ഇരയാകുകയാണു താനെന്ന കാര്യം അയാൾ അറിഞ്ഞില്ല. മോണിക്കയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ആർതിയും കൂട്ടരും ഹർഭജനെ ബ്ലാക്മെയിൽ ചെയ്യാൻ തുടങ്ങി. മൂന്നു കോടി രൂപ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഈ മാസം 17ന് ഹർഭജൻ സിങ് ഇൻഡോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആർതി ദയാൽ, മോണിക്ക യാദവ് എന്നീ സുന്ദരികളെ മുൻനിർത്തിയാണു സംഘം ഇരകൾക്കായി വലയൊരുക്കുന്നതെന്നു പൊലീസ് കണ്ടെത്തി.

    ആർതി ദയാലിനെ ഉപയോഗിച്ച് ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥനെ സംഘം കെണിയിൽപെടുത്തിയെന്ന വിവരവും പുറത്തായി. മൂന്നുകോടിയുടെ ആദ്യ ഗഡു 50 ലക്ഷം തരാമെന്നു പറഞ്ഞു വിജയ് നഗറിലെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയാണ് ആരതി, മോണിക്ക, ഡ്രൈവർ ഓം പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഭീകര വിരുദ്ധ സ്കാഡിന്റെ (എടിഎസ്) സഹായവും െപാലീസ് തേടി. എടിഎസ് നടത്തിയ ചിട്ടയായ അന്വേഷണത്തിലാണു റാക്കറ്റിന്റെ വേരുകളിലേക്കു ഇറങ്ങിചെല്ലാൻ പൊലീസിനു കഴിഞ്ഞതും.
    സംഭവം രാഷ്ട്രീയ വിവാദവുമായി. പരാതിക്കാരനായ ഹർഭജൻ സിങ്ങിനെതിരെ നടപടിയെടുത്തു. ഇൻഡോർ മേയറുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ച ഇൻഡോർ മുനിസിപ്പൽ കമ്മിഷൻ ഹർഭജനെ സസ്പെൻഡ് ചെയ്തു. ഒളിക്യാമറകൾ, കണക്കിൽപ്പെടാത്ത പണം, മൊബൈൽ ഫോണുകൾ, ആഡംബര വാഹനങ്ങൾ എന്നിവ തട്ടിപ്പുസംഘത്തിൽനിന്നു െപാലീസ് പിടിച്ചെടുത്തിരുന്നു. ഡിജിറ്റൽ രേഖകളും തെളിവുകളും നാലായിരത്തിലേറെ ഉണ്ടെന്നത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്.
    റാക്കറ്റിന്റെ കയ്യിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വളരെയധികമായതിനാൽ തെറ്റായ ആളുകളിലേക്ക് ഇവയെത്തുന്നതു തടയുകയാണ് അന്വേഷണ സംഘത്തിന്റെ വെല്ലുവിളി. കേസിന്റെ തുടക്കത്തിൽ പൊലീസുകാരിൽനിന്നു തന്നെ ബ്ലൂടൂത്ത് വഴി ദൃശ്യങ്ങൾ പ്രചരിച്ചതായി കണ്ടെത്തിയിരുന്നു. സമ്പന്നർ താമസിക്കുന്ന കോളനികളിൽ വാടകവീടുകൾ സംഘടിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയിരുന്നത്. ബ്ലാക്ക്മെയിലിലൂടെ ഒരിക്കൽ പണം തട്ടിയാൽ വിലാസം മാറ്റും. സമ്പന്നരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകൾക്കു പറ്റിയതിനാൽ തിരക്കുള്ള നഗരങ്ങളാണു തിരഞ്ഞെടുത്തിരുന്നത്.

    ശ്വേത ബിജെപി പ്രചാരകയെന്ന് കോൺഗ്രസ്

    ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി എന്നിവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്നെന്നാണു വിവരം. സെക്രട്ടേറിയറ്റിൽ സ്ഥിരംവന്നുപോകാറുണ്ടായിരുന്ന ഇവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. എട്ടുമാസം മുമ്പ് ഭർത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നൽകി വീടു വിട്ടിറങ്ങിയ ആർതി ദയാലാണു ശ്വേതയുമായി ചേർന്ന് ഇങ്ങനെയൊരു സാധ്യത തിരിച്ചറിയുന്നതും പ്രയോജനപ്പെടുത്തി പണമുണ്ടാക്കുന്നതും.

    ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെൺമാഫിയ സംഘത്തിനു വേരോട്ടമുണ്ടാക്കി. സർക്കാരിന്റെ നിരവധി സ്കീമുകളും ഫണ്ടുകളും ആർതി ദയാലിന്റെ എൻജിഒയ്ക്കായി തരപ്പെടുത്തിയിരുന്നത് ഈ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്നു ദൃശ്യങ്ങൾ സഹിതം മധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും ആരോപിച്ചു.

    ജിത്തു ജിറാട്ടി യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷയായിരിക്കുമ്പോൾ ശ്വേത ജെയ്ൻ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നുവെന്ന ദിഗ് വിജയ് സിങ്ങിന്റെ ആരോപണം ജിത്തു ജിറാട്ടി തള്ളി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ശ്വേത ഇരിക്കുന്ന ചിത്രം കോൺഗ്രസ് പുറത്തുവിട്ടത് ബിജെപിക്കു ക്ഷീണമായി. സാഗർ സ്വദേശിയായ ശ്വേതയ്ക്കു മീനൽ റസിഡൻസിയിൽ ബംഗ്ലാവ് വാങ്ങി നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്നു. ബുന്ദേൽഖണ്ഡ്, മാൽവ, നിമാർ എന്നിവിടങ്ങളിൽ നിന്നുള്ള ചില മന്ത്രിമാരോടും ശ്വേതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാൽ ജെയ്നിന്റെ ബന്ധം ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാർത്തകൾ. ബ്രോക്കർ മുഖേനയാണു വീട് വാടകയ്ക്ക് നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്.
    ബിജെപി എംഎൽഎ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടിലാണു മുൻപ് ഇവർ താമസിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. നിമാറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ബർഖ സോണി. കോൺഗ്രസിന്റെ സംസ്ഥാന ഐടി സെൽ അംഗമായ ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്ഗഡ്‌ സ്വദേശിയായ മോണിക്ക യാദവ് ബിരുദ വിദ്യാർഥിനിയാണ്. സമൂഹത്തിലെ ഉന്നതരും സ്വാധീനമുള്ളവരും ഇവരുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തി. കൂടുതൽ ഇരകൾ പരാതിയുമായി വരുംദിവസങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

    No comments

    Post Top Ad

    Post Bottom Ad