പയ്യന്നൂരില്‍ പട്ടാപ്പകല്‍ പര്‍ദ്ദധാരിയായെത്തി വെള്ളം ചോദിച്ചു വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല കവര്‍ന്നു
നട്ടുച്ച നേരത്തു പർദ ധരിച്ചെത്തി വെള്ളം ചോദിച്ചു വീട്ടമ്മയുടെ 5 പവൻ സ്വർണമാല കവർന്നു. പെരുമ്പ തായത്തുവയലിലെ റിട്ട.അധ്യാപകൻ ബി.എം.അബ്ബാസിന്റെ ഭാര്യ എസ്.പി. കുഞ്ഞാസ്യയുടെ കഴുത്തിൽ നിന്നാണു മാല പറിച്ചെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു പർദ ധരിച്ച ആൾ എത്തിയത്. വീടിന്റെ പിൻവശത്തെ മൂലയിൽ വന്നു വെള്ളത്തിന് ആംഗ്യം കാണിക്കുകയായിരുന്നു. മുൻവശത്തേക്കു വരാൻ ആവശ്യപ്പെട്ടു കുഞ്ഞാസ്യ അകത്തു കയറി പിന്നിലെ വാതിൽ അടച്ചു. വെള്ളവുമായി വീടിന്റെ മുൻവശത്തെത്തിയപ്പോൾ ആളെ കണ്ടില്ല.
കുറച്ചു സമയം വരാന്തയിൽ നിന്ന ശേഷം മുൻഭാഗത്തെ വാതിൽ അടച്ച് അകത്തു കടന്നു. നമസ്കാരം കഴിഞ്ഞ് ഒന്നരയോടെ പിന്നിലെ വാതിൽ തുറന്നപ്പോൾ പർദധാരി വീണ്ടുമെത്തി വെള്ളത്തിന് ആംഗ്യം കാട്ടി. ഭക്ഷണം വേണോ എന്നു ചോദിച്ചപ്പോൾ വേണ്ടെന്നും ആംഗ്യത്തിലൂടെ മറുപടി നൽകി.
കുഞ്ഞാസ്യ അകത്തേക്കു കയറാൻ തിരിയുന്നതിനിടെ പർദധാരി രണ്ടു കയ്യും ഉപയോഗിച്ചു കഴുത്തിൽ നിന്നു മാല പൊട്ടിച്ചെടുത്ത് ഓടി. ബഹളം കേട്ടു പരിസരവാസികൾ എത്തുമ്പോഴേക്കും കള്ളൻ രക്ഷപ്പെട്ടിരുന്നു. ആദ്യം വെള്ളം ചോദിച്ച ശേഷം മോഷ്ടാവ് ഏറെ നേരം കുഞ്ഞാസ്യയെ പുറത്തു നിന്നു നിരീക്ഷിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. മാല പൊട്ടിക്കാൻ നടത്തിയ ബലപ്രയോഗത്തിൽ നിന്നു മോഷ്ടാവു പുരുഷനാണെന്നാണു നിഗമനം.
സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കവർച്ച നടന്ന സമയം റോഡിലൂടെ ഒരു കാർ അതിവേഗത്തിൽ കടന്നുപോകുന്നതു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇടുങ്ങിയ റോഡിലൂടെ ഇത്രയും വേഗത്തിൽ വാഹനം കടന്നു പോയതിൽ അസ്വാഭാവികതയുണ്ടെന്നാണു നാട്ടുകാർ പറയുന്നത്.
No comments
Post a Comment