Header Ads

  • Breaking News

    ഡിസൈന്‍ വിപ്ലവം,5G സറൗണ്ട് ഡിസ്പ്ലെ ഫോണുമായി ഷവോമി



    വിപ്ലവം മൊബൈല്‍ ഫോണിലൂടെയും വരുമെന്നാണ് മാവോയുടെ നാട്ടിലെ പുതിയ സംസാരം. ലോകത്തിലെ ആദ്യത്തെ സറൌണ്ടഡ് 5G ഫോണായ MI MIX ആല്‍ഫാ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

    മൊബൈല്‍ ഡിസൈനില്‍ അടിമുടി മാറ്റം കൊണ്ടുവന്ന ഒരു പ്രഖ്യാപനം പണ്ട് നടത്തിയത് സാക്ഷാല്‍ സ്റ്റീവ് ജോബ്സ് ആയിരുന്നു. അതുവരെ കീപാഡുകളില്‍ കുത്തിക്കുറിച്ച ലോകം പിന്നെ ടച്ചിലേക്ക് മാറിചിന്തിച്ചു. ബ്ലാക്ക്ബെറി പോലെ അന്നുണ്ടായിരുന്ന ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ കുറേകാലം കീപാഡുള്ള മോഡലുമായി മുന്നോട്ടുപോയെങ്കിലും ടച്ച് വിപ്ലവം അതിനെയെല്ലാം മറികടക്കുന്നതായിരുന്നു.

    എല്ലാം ടച്ച് ആയപ്പോള്‍ എല്ലാത്തിനെയും ബന്ധിപ്പിക്കാന്‍ ഒരു ഹോം ബട്ടണ്‍ ഡിസൈനില്‍ ഘടിപ്പിച്ചായിരുന്നു ആപ്പിള്‍‌ വിപ്ലവം തീര്‍ത്തത്. എന്നാല്‍ ആദ്യം ഈ ടെച്ച് വിപ്ലവത്തെ ആരുമങ്ങ് ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അതേസമയം ഇന്നാരും കീപാഡുകളുള്ള ഫോണുകളെക്കുറിച്ച് ആലോചിക്കുന്നു പോലുമുണ്ടാവില്ല.


    അതിന് ശേഷം മൊബൈല്‍ ഡിസൈനില്‍ അടിമുടി മാറ്റം കൊണ്ടുവരാന്‍ ആരും ശ്രമിച്ചുകണ്ടിട്ടില്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്നായ ഷവോമി അങ്ങനെയൊരു വിപ്ലവത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഫുള്‍സ്ക്രീന്‍ ഡിസ്പ്ലെയും കര്‍വ്ഡ് ഡിസ്പ്ലെയും കടന്ന് അവര്‍ മറ്റൊരു ഡിസൈന്‍ പരീക്ഷണമാണ് നടത്തിയിരിക്കുന്നു.
    MI MIX ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ഫോണില്‍ ആരും ഒന്ന് അന്തിച്ചുപോകുന്ന സറൗണ്ട് സ്ക്രീനാണുള്ളത്. സ്ക്രീന്‍ ടു ബോഡി 180.6% റേഷ്യോയിലുള്ള ഫോണ്‍ ലോകത്തിലെ ആദ്യത്തെ 108 മെഗാപിക്സല്‍ കാമറാ ഫോണാണ്. റൈറ്റാനിയം അലോയ്, സെറാമിക് കോമ്പിനേഷനിലാണ് ഇതിന്‍റെ പുറം നിര്‍മ്മിച്ചിരിക്കുന്നത്. എന്താണീ പറഞ്ഞുവരുന്നതെന്നാണെങ്കില്‍ ഈ വീഡിയോ കണ്ട് തിരിച്ചുവരൂ.
    ആദ്യമായി ഫുള്‍സ്ക്രീന്‍ ഡിസ്പ്ലെ ഫോണുകള്‍ പുറത്തിറക്കിയ ഷവോമിയില്‍‌ നിന്ന് തന്നെയാണ് മറ്റൊരു 5ജി ഫോണ്‍ പരീക്ഷണവും ഉണ്ടായിരിക്കുന്നത്. 2016 ല്‍ എംഐ മിക്സ് പുറത്തിറങ്ങിയപ്പോള്‍ തന്നെ അന്നേവരെയുള്ള 16:9 സ്ക്രീന്‍ റേഷ്യോ അത് തകരിടം മറിച്ചിരുന്നു. ഇന്ന് ഈ ഫുള്‍സ്ക്രീന്‍ ഡിസ്പ്ലെ എന്നത് എല്ലാ ഫോണ്‍ നിര്‍മ്മാതാക്കളും ഏറ്റെടുത്തുകഴിഞ്ഞ ഒന്നാണ്.


    Mi MIX ആല്‍ഫ ഫോണ്‍ പരമ്പരാഗതമായ എല്ലാ മൊബൈല്‍ ഫോണ്‍ ഡിസൈന്‍ രീതികളെയും പൊളിച്ചെഴുതുന്ന ഒന്നാണെന്ന് പറയാം. ഫോണിന്‍റെ മുന്നിലും പിന്നിലും സൈഡിലും ഡിസ്പ്ലെ തന്നെയാണ്. ഇങ്ങനെ ലോകത്തിലെ ആദ്യത്തെ സറൗണ്ട് ഡിസ്പ്ലെ ഉണ്ടാക്കാനായി 'ഗ്രൗണ്ട് ബ്രേക്കിങ് ടെക്ക്നോളജി' ആണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഷവോമിയുടെ അവകാശവാദം. ഇങ്ങനെ ഏതാണ്ട് 90 ശതമാനവും ഡിസ്പ്ലെയുള്ള ഫോണ്‍ നിലത്ത് വീണാല്‍ പൊട്ടിപോകില്ലേ എന്നതാവും ആദ്യം തോന്നുന്ന സംശയം.


    എന്നാല്‍ ഇതിന്‍റെ മൂന്ന് ലെയര്‍ പ്രൊട്ടക്ഷന്‍, ഫോണിനെ സംരക്ഷിക്കും എന്നാണ് കമ്പനി പറയുന്നത്. ടച്ച് പാനല്‍, ഡിസ്പ്ലെ ലെയര്‍, പ്രൊട്ടക്ഷന്‍ ലെയര്‍ എന്നിവ ഒന്നിന് പിന്നാലെ ഒന്നായി പ്രത്യേക രീതിയില്‍ ലാമിനേറ്റ് ചെയ്താണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടച്ച് സ്ക്രീന്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന മൃദു പ്രതലം ഉപഭോക്താവിന് ലഭ്യമാവുമെന്നും, ഫോണ്‍ സ്ക്രീന്‍ പൊട്ടലില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും ഷവോമി പറയുന്നു.


    ലോകത്തിലെ ആദ്യത്തെ 108 മെഗാപിക്സല്‍ കാമറ ഫോണ്‍
    ലോകത്ത് ആദ്യമായാണ് 108 മെഗാപിക്സല്‍ കാമറ സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കുന്നത്. അതായത് ഒരു സ്മാര്‍ട് ഫോണില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പിക്സല്‍ കാമറയും, ഏറ്റവും വലിയ സെന്‍സറുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതും സ്മാര്‍ട് ഫോണ്‍ ഫോട്ടോഗ്രാഫി ചരിത്രത്തിലെ ഒരു നാഴിക കല്ലാണ്. ഈ കാമറയില്‍ 12032 x 9024 പിക്സല്‍ ഫോട്ടോ എടുക്കാനാവും.

    ഒപ്പം അരണ്ട വെളിച്ചത്തില്‍ മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കാനുള്ള കഴിവുമുണ്ട്. ഫോര്‍ ആക്സിസ് ഒപിറ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ മികച്ച സ്റ്റേബിള്‍ വീഡിയോകള്‍ ലഭ്യമാക്കും. ഇതിലെ വൈഡ് ആഗിള്‍ കാമറ 20 മെഗാപിക്സലാണ് തരുന്നതിനൊപ്പം 1.5 സി.എം സൂപ്പര്‍ മാക്രോ ഫോട്ടോകളും എടുക്കാനാകും. ഒപ്പം 12 മെഗാപിക്സല്‍‌ ടെലിഫോട്ടോ കാമറ 2X ഒപ്റ്റിക്കല്‍ സൂം തരുന്നതാണ്. സ്നാപ്ഡ്രാഗണ്‍ 855+ പ്രൊസസറും 4050mAh ബാറ്ററിയുമാണ് ഇത്രയും കേമന്‍ ഫോണിന് ശക്തിപകരുന്നത്. ഇതിനൊപ്പം 40W സ്റ്റാന്‍റേഡ് വയേഡ് ഫാസ്റ്റ് ചാര്‍ജറും ഉണ്ട്.
    ഇന്ത്യയിലേക്ക് എപ്പോള്‍ ഫോണ്‍ എത്തും എന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്തായാലും ഇത്രയും ഫീച്ചറുകളും ഇന്നോവേഷനും ഒത്തിണങ്ങിയ 5G ഫോണിന് ചൈനീസ് വില 19,999 യുവാനാണ്. അതായത് ഏതാണ്ട് 2 ലക്ഷം രൂപയാവും എന്നര്‍ത്ഥം !!

    No comments

    Post Top Ad

    Post Bottom Ad