വരുമാനത്തിൽ ഏറേ മുന്നിലാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ഇന്നും ഏറെ പിന്നിലാണ്
പഴയങ്ങാടി:
വരുമാനത്തിൽ ഏറേ മുന്നിലാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ഇന്നും ഏറെ പിന്നിലാണ്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ 3.5കോടി രൂപയുടെ വാർഷിക വരുമാനമുണ്ട്. ഓൺലൈൻ വഴിയായി ലഭിക്കുന്ന വരുമാനം വേറെയും. വാർഷികവരുമാനത്തെ മുൻനിർത്തി ഇതിനെ ബി ക്ലാസ് ഗ്രേഡിൽ ഉയർത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഇതുവരെ നടപ്പായില്ല. സി. ക്ലാസ് എടുത്തുകളഞ്ഞതോടെ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ ഡി ക്ലാസിലാണ് ഉള്ളത്. അതിനാൽ ചെറിയ സ്റ്റേഷന്റെ പരിഗണന മാത്രമാണ് ലഭിക്കുന്നത്.
മാട്ടൂൽ, മാടായി, ഏഴോം, എരമം കുറ്റൂർ, കടന്നപ്പള്ളി-പാണപ്പുഴ, ചെറുതാഴം, ചെറുകുന്ന്, പരിയാരം, പട്ടുവം പഞ്ചായത്ത് നിവാസികൾക്കും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലുള്ളവർക്കും പ്രയോജനപ്പെടുന്നതാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ. കണ്ണൂർ മെഡിക്കൽ കോളേജ് (നേരത്തെ ഇത് ടി.ബി. സാനിറ്റോറിയം ആയിരുന്നപ്പോഴും യാത്രക്കാർ ആശ്രയിച്ചിരുന്നത് പഴയങ്ങാടിയെ ആയിരുന്നു)., നിരവധി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാടായിക്കാവ്, വടുകുന്ദ ശിവക്ഷേത്രം, ചരിത്ര പ്രാധാന്യമുള്ള മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾ എന്നിവ ഈ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്താണ്.
രണ്ടാം പ്ലാറ്റ് ഫോമിൽ മതിയായ ഇരിപ്പിടസൗകര്യമില്ല. പ്ലാറ്റ്ഫോമിൽ മേൽക്കൂര ഭാഗികമായതിനാൽ മഴയത്തും വേനൽക്കാലത്തും യാത്രക്കാർക്ക് ഒരുപോലെ ദുരിതമാണ്. സൂപ്പർ ഫാസ്റ്റ് വണ്ടികൾ ഉൾപ്പെടെ 10 വണ്ടികൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. രാത്രി 7.30-നു ശേഷം വടക്കോട്ടേക്കൊ, എട്ടരയ്ക്കുശേഷം തെക്കോട്ടോക്കോ ഇവിടെനിന്ന് യാത്രചെയ്യണമെങ്കിൽ നിർത്തുന്ന ഒരു വണ്ടി പോലുമില്ലാത്തത് ദുരിതമായി തുടരുന്നു.
കർണാടക സംസ്ഥാനത്തുനിന്ന് കണ്ടമാനം ഭക്തർ മാടായിക്കാവിലെത്തുന്നതിനാൽ ഇക്കാര്യം പരിഗണിച്ച് ഇപ്പോഴത്തെ കർണാടക മുഖ്യമന്ത്രിയും മുൻ എം.പി. യുമായ യെദ്യൂരപ്പ മുമ്പ് മാടായിക്കാവിലെത്തിയപ്പോൾ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.ചന്ദ്രാംഗദന്റെയും, മാടായിക്കാവ് ക്ഷേത്ര നവീകരണസമിതിയും ചേർന്ന് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല.
No comments
Post a Comment