Header Ads

  • Breaking News

    ശിവരാമന്‍ ചെറിയനാട് അന്തരിച്ചു



    മാവേലിക്കര :
     പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ഭരണസമിതി അംഗവുമായ ശിവരാമൻ ചെറിയനാട്‌ അന്തരിച്ചു. 78 വയസ്സായിരുന്നു.പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ അധ്യാപകനായിരുന്നു.ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    കൊല്ലകടവിൽ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച പകൽ 11:30നായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്‌ച മാവേലിക്കര ചെട്ടികുളങ്ങര മൂക്കന്റയകത്ത്‌ വീട്ടുവളപ്പിൽ. നേരത്തെ അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ സരസമ്മ അടുത്തയിടെയാണ്‌ മരിച്ചത്‌.
    1941 ഡിസംബർ 13ന്‌ ചെങ്ങന്നൂരിലാണ് ജനിച്ചത്. 1988 ചെറുകഥയ്‌ക്ക്‌ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. 2009 ലെ എ പി കളയ്ക്കാട് അവാര്‍ഡും ലഭിച്ചു. പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന്‌ കേരള സാഹിത്യ അക്കാദമിയിൽ നിന്ന്‌ 1990--91ൽ സ്‌കോളർഷിപ്പ്‌ ലഭിക്കുകയുണ്ടായി. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റായും കേരളപാണിനി എ. ആർ. രാജരാജവർമ്മ സ്‌മാരക ഭരണസമിതി വൈസ്‌ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
    പുതിയ പാഠങ്ങള്‍, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടന്‍, വിയത്‌നാം കഥകള്‍, കാറ്റിന്റെ നിറം, കള്ളന്‍ വാസൂള്ളയുടെ ഷഷ്ടിപൂര്‍ത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തന്‍, ദൈവത്തിന്റെ കാള, തെരഞ്ഞെടുത്ത കഥകള്‍ (കഥാസമാഹാരങ്ങള്‍); അദ്ദേഹം, കോട, തോല് (നോവലുകള്‍); ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്); ചെപ്പുകുടത്തിലെ ചെങ്കടല്‍, കൂട്, വീട്, സുന്ദരപുരി, തേന്‍വരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലന്‍, അമ്മയുടെ കണ്ണുനീര്‍ (ബാലസാഹിത്യങ്ങള്‍), പാറപ്പുറത്ത് - ഓണാട്ടുകരയുടെ കഥാകാരന്‍, മലയാറ്റൂര്‍ - ജീവിതവും കൃതികളും (പഠനങ്ങള്‍) തുടങ്ങിയവയാണ് കൃതികള്‍. ഭാര്യ എം ജെ സരസമ്മ അടുത്തയിടെയാണ്‌ മരിച്ചത്‌. മക്കള്‍ : അഡ്വ. എസ് സീമ ( (ആലപ്പുഴ ജില്ലാ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ), സിന്ധു(ടീച്ചർ, മാവേലിക്കര ഗവ. ഹൈസ്‌കൂൾ).

    No comments

    Post Top Ad

    Post Bottom Ad