Header Ads

  • Breaking News

    തളിപ്പറമ്പില്‍ വീണ്ടും കാർ തകര്‍ത്ത് മോഷണം: പോലീസ് അന്വേഷണം ഊർജിതമാക്കി


    തളിപ്പറമ്പില്‍ വീണ്ടും കാര്‍ തകര്‍ത്ത് മോഷണം. ഐ ഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും പിന്‍നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ എടിഎം കാര്‍ഡുകളും വിദേശ ഡ്രൈവിംഗ് ലൈസന്‍ഡസ് ഉള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും കവര്‍ന്നു. രാജരാജേശ്വര ക്ഷേത്രപരിസരത്ത് പാര്‍ക്ക് ചെയ്ത കാറിന്റെ ഡോര്‍ തകര്‍ത്താണ് മോഷണം നടന്നത്. വൈകുന്നേരം 6.40 ന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ബഹറൈനില്‍ ജോലി ചെയ്യുന്ന കുറ്റിക്കോൽ വടക്കാഞ്ചേരി റോഡിലെ പടുകുളം വീട്ടിൽ ഹരിദാസിന്റെ KL 59 R 6564 മാരുതി ആൾട്ടോകാറിന്റെ ഡോറാണ് തകര്‍ക്കപ്പെട്ടത്. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞത് പോലീസ് പരിശോധിച്ചുവരികയാണ്. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് 7.15 ന് ഹരിദാസും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് ഡോര്‍ തകര്‍ത്തത് കണ്ടത്. സിസിടിവിയില്‍ മോഷണം നടന്നത് ഏഴിനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗിലുള്ള ഐ ഫോണ്‍ ഇതേവരെ ഓഫ് ചെയ്യാത്തതിനാല്‍ പോലീസ് ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്. 2019 ജനുവരി 17 ന് കാറിന്റെ ചില്ല് തകര്‍ത്തുള്ള മോഷണ പരമ്പരക്ക് തുടക്കം കുറിച്ച ശേഷം ഇന്നലെ നടന്നത് 14-ാമത്തെ കവര്‍ച്ചയാണ്. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകര്‍ത്ത് മുന്‍ സീറ്റില്‍ വെച്ചിരുന്ന ബാഗ് മോഷ്ടിച്ചതായിരുന്നു ആദ്യ സംഭവം. എന്നാല്‍ ബാഗില്‍ ചോറ്റുപാത്രമാണ് ഉണ്ടായിരുന്നത്. മൊയ്തീന്‍ തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി 9 മണിയോടെ നെല്ലിപറമ്പില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോഡരികില്‍ കാര്‍ നിര്‍ത്തി അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. അന്നേ ദിവസം തന്നെ മണിക്കുറുകള്‍ക്കുള്ളിലാണ് പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകര്‍ത്ത് സിറ്റില്‍ വെച്ചിരുന്ന ബാഗ് കവര്‍ന്നത്. രണ്ടേകാല്‍ ലക്ഷം രൂപയും ഡ്രൈവിങ്ങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, തുടങ്ങിയ രേഖകളുമാണ് അബ്ദുള്ളക്ക് നഷ്ട്ടപെട്ടത്. ഫെബ്രവരി ഒന്നാം തിയ്യതി പട്ടാപകലാണ് മന്നയിലെ വ്യാപാരിയായ ഉമ്മര്‍ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചത്. തളിപ്പറമ്പ നഗരസഭാ ഓഫീസിന് സമീപത്തെ പള്ളിയില്‍ ഉച്ചക്ക് ജുമാ നിസ്‌ക്കാരത്തിന് എത്തിയതായിരുന്നു ഉമ്മര്‍ കുട്ടി. മോഷണങ്ങളെല്ലാം ചുരുങ്ങിയ സമയങ്ങളിലാണ് നടന്നിട്ടുള്ളത്. മോഷണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും തസ്‌ക്കരന്‍ പിടിയിലായില്ല .ജനുവരിയില്‍ നടന്ന മോഷണത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് പട്ടാപകല്‍ ഉമ്മര്‍ കുട്ടിയുടെ വണ്ടി തകര്‍ത്ത് പണം അപഹരിച്ചത് കസ്റ്റഡിയില്‍ എടുത്തയാളെ വിട്ടയച്ച് യഥാര്‍ത്ഥ പ്രതിയെതേടി ഓട്ടത്തിലാണ് പോലിസ്. പ്രമാധമായ നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ തളിപ്പറമ്പിലെ പോലീസിന് നാണക്കേടാവുകയാണ് ഈ മോഷണ പരമ്പരകള്‍. തളിപ്പറമ്പിലെ എ.ബി.സി. ഗ്രൂപ്പിന്റെ പാര്‍ട്ട്ണറും ഏഴാംമൈല്‍ സ്വദേശിയുമായ തസ്ലിമിന്റെ KL 13 AA 6060 നമ്പര്‍ ഇന്നോവ വണ്ടിയുടെ പിന്‍ നിരയിലെ ചില്ല് തകര്‍ത്ത് സീറ്റില്‍ വച്ചിരുന്ന രേഖകള്‍ അടങ്ങിയബാഗും കവര്‍ച്ച ചെയ്തിരുന്നു. രാത്രി 10:30ന് മന്ന- ആലക്കോട് റോഡിലെ സ്വകാര്യ സ്‌ക്കൂളിന് സമീപം വാഹനം നിര്‍ത്തിയിട്ട് കുറച്ച് കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചതായി കണ്ടത്. ഇന്നലെ മോഷണശ്രമം നടന്ന കാര്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കയാണ്.

    No comments

    Post Top Ad

    Post Bottom Ad