കണ്ണൂരിൽ ക്രെഡിറ്റ് കാർഡുണ്ടാക്കി പണം തട്ടുന്ന വിരുതൻ അറസ്റ്റിൽ
കണ്ണൂർ:
ബജാജ് അലയൻസ് കന്പനിയിലേക്ക് ജോലി ഒഴിവുണ്ടെന്നും തളിപ്പറന്പിൽ റിക്രൂട്ട് നടക്കുവെന്ന വ്യാജേന ഓൺലൈൻ പരസ്യം നൽകി യുവാവിന്റെ പാൻകാർഡും ആധാറും തട്ടിയെടുത്ത് വ്യാജ ക്രെഡിറ്റ് കാർഡുണ്ടാക്കി പണം തട്ടിയെടുത്ത കേസിൽ കാസർഗോഡ് സ്വദേശി അറസ്റ്റിൽ. കാസർഗോഡ് കുറ്റിക്കോൽ രാമപുരം വീട്ടിൽ പി.കെ. ജിഷ്ണു റാമിനെ (23) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്. ബജാജ് അലയൻസ് കന്പനിയിലേക്കുള്ള ജോലി ഒഴിവിലേക്കുള്ള പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പുനടത്തിയത്.
തളിപ്പറന്പിൽ ഇന്റർവ്യൂവിനെത്തിയ മുണ്ടയാട് അതിരകം കൃഷ്ണപ്രഭയിൽ അമൽ കെ. ഉമേഷിന്റെ പാൻ കാർഡും ആധാറും കൈക്കലാക്കുകയായിരുന്നു. പ്രസ്തുത രേഖകൾ ഉപയോഗിച്ച് എച്ച്ഡിഎഫ്സി ബാങ്കിൽനിന്ന് ഓൺലൈൻ വഴി ക്രെഡിറ്റ് കാർഡ് തരപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ കാർഡുകൾ ഉപയോഗിച്ച് കണ്ണൂരിലെ ബാങ്കിൽനിന്നടക്കം 87,000 രൂപയുടെ ഇടപാട് നടത്തുകയായിരുന്നു.
പ്രസ്തുത തുക കുടിശികയായതോടെ ബാങ്ക് അധികൃതർ നോട്ടീസ് അയച്ചതോടെയാണ് അമൽ കെ. ഉമേഷ് സംഭവമറിയുന്നത്. ഇതേതുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണുറാം പിടിയിലാകുന്നത്. നിരവധി പേർ തട്ടിപ്പിനിരയായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments
Post a Comment