പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ചെയിന്‍സര്‍വ്വീസ് പൂര്‍ണ്ണമായി അവസാനിപ്പിച്ചു
പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ലാഭ-നഷ്ടം നോക്കാതെ ജൂണ്‍ മുതല്‍ 6 മാസം തുടര്‍ച്ചയായി കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്ന് 6 വീതം ബസ്സുകള്‍ ചെയിന്‍ സര്‍വ്വീസ് നടത്തണമെന്ന ബോര്‍ഡിന്റെ ഉത്തരവ് നിലനില്‍ക്കവെയാണ് സര്‍വ്വീസ് പൂര്‍ണ്ണമായും ഇരു ഡിപ്പോകളും നിര്‍ത്തിവച്ചത്. പഴയങ്ങാടി വഴിയുള്ള കെ.എസ്.ടി.പി റോഡ് മെക്കാഡം ചെയ്ത് ഗതാഗത യോഗ്യമാക്കിയപ്പോള്‍ കണ്ണൂരിന്റെ എം.എല്‍.എയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പയ്യന്നൂര്‍, കല്യാശ്ശേരി എം.എല്‍.എമാരും മുന്‍കൈയെടുത്താണ് ചെയിന്‍ സര്‍വ്വീസ് തുടങ്ങിയത്. തുടക്കത്തില്‍ കണ്ണൂരില്‍ നിന്ന് ആറും പയ്യന്നൂരില്‍ നിന്ന് നാലും ബസ്സുകള്‍ സര്‍വ്വീസ് നടത്തി. ഇത് പലപ്പോഴായി ചുരുങ്ങി വന്നു. ഇതിനിടയില്‍ ലാഭ നഷ്ടം നോക്കാതെ ചെയിന്‍ സര്‍വീസ് നടത്തണമെന്ന ബോര്‍ഡ് ഉത്തരവും ഇറങ്ങി. ആവശ്യത്തിന് ബസ്സുകള്‍ നല്‍കാമെന്ന് ബോര്‍ഡിന്റെ ഉറപ്പും ഉണ്ടായിരുന്നു. എന്നാല്‍ ബസ്സുകള്‍ മാത്രം നല്‍കിയില്ല. പയ്യന്നൂര്‍ ഡിപ്പോയില്‍ ബസുകള്‍ കട്ടപ്പുറത്തും ഡ്രൈവര്‍മാരുടെ അഭാവവും മൂലം പഴയങ്ങാടി വഴിയുള്ള ചെയിന്‍ സര്‍വ്വീസ് ഓണത്തിന് മുന്‍പ് തന്നെ പൂര്‍ണ്ണമായും ഒഴിവാക്കി. അപ്പോഴും കണ്ണൂരില്‍ നിന്ന് 2 ബസ്സുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇന്നലെ ആ ബസ്സുകള്‍ ട്രിപ്പ് തുടങ്ങിയപ്പോള്‍ തന്നെ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. രാവിലെ 5.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ബസ് ബ്രേക്ക്ഡൗണായി പാപ്പിനിശ്ശേരിക്ക് മുന്‍പ് തന്നെ സര്‍വ്വീസ് അവസാനിപ്പിച്ചു.
Ezhome Live © www.ezhomelive.com
No comments
Post a Comment