വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലം കണ്ടെത്തിയെന്ന് ഐ.എസ്.ആര്‍.ഒ. ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തി. ലാന്‍ഡറുമായുളള ആശയവിനിമയം പുനഃസ്ഥാപിക്കാനായില്ല.
ലാൻഡറിന്റെ നിലവിലെ സ്ഥാനം നിർണയിക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലാൻഡറിന് സംഭവിച്ചത് ക്രാഷ് ലാൻഡിങ്ങാണോ? സോഫ്റ്റ് ലാൻഡിങ് ആണോയെന്നാണ് പരിശോധിച്ചു വരുന്നത്.
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് പ്രശംസയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുളള ദൗത്യം പ്രചോദനമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാന്‍ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുളള ഇന്ത്യന്‍ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകള്‍ തേടിയുളള ഭാവി ദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.യുടെ ശ്രമങ്ങള്‍ ഉപകരിക്കും. ബഹിരാകാശപര്യവേഷണങ്ങളില്‍ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി . ചന്ദ്രന് രണ്ടുകിലോമീറ്റര്‍ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാര്‍ഹമാണെന്ന് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജന്‍സിയും രംഗത്തെത്തി.
No comments
Post a Comment