അഭിമാനകരമായ കുതിപ്പിലേക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്
പരിയാരം:
അഭിമാനകരമായ കുതിപ്പിലേക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്.കോളേജിന്റെയും ആശുപത്രിയുടെയും സമഗ്രവികസനത്തിനായി 300 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
അത്യാധുനിക ട്രോമാ കെയർ സംവിധാനവും കാർഡിയോളജി വിഭാഗം നവീകരണവുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. അടുത്തമാസത്തോടെ മാസ്‌റ്റർ പ്ലാനിന് ഭരണാനുമതി നൽകാനാകും. തുടർന്ന് കിഫ്‌ബിക്കു സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകോത്തര നിലവാരത്തിലുള്ള ട്രോമ കെയർ, കാർഡിയോളജി ബ്ലോക്കുകളുടെ നിർമാണത്തിന് 150 കോടി രൂപയാണ് കണക്കാക്കുന്നത്. അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കാൻ 50 കോടിയും വേണ്ടിവരും. ഒന്നര വർഷംകൊണ്ട് പൂർത്തീകരിക്കും. അടുത്ത ഘട്ടമായി 100 കോടി ചെലവിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് വരും. ആറര കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഇ ഹെൽത്ത് സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഏപ്രിലോടെ പൂർത്തിയാകും.
ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ചു. ഉടൻ രജിസ്റ്റർചെയ്യും. ഇനി സൊസൈറ്റി അക്കൗണ്ടിലായിരിക്കും ആശുപത്രിയുടെ വരവുചെലവുകൾ. കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത് അഞ്ചുവർഷംകൊണ്ടാണ് പൂർണമായി ഗവൺമെന്റ് അധീനതയിലായത്. പരിയാരത്ത് ഈ ഗവൺമെന്റിന്റെ കാലത്തുതന്നെ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കും.
സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതിനൊപ്പം സർക്കാർ മെഡിക്കൽ കോളേജുകളിലേതുപോലെ തസ്തികകൾക്കും രൂപം നൽകിയിട്ടുണ്ട്. യോഗ്യതയ്‌ക്കനുസരിച്ച് ഇവിടെയുള്ള സ്റ്റാഫിനെത്തന്നെ ഉൾക്കൊള്ളിക്കാനാണ് ശ്രമം. പുനർവിന്യാസം ആവശ്യമെങ്കിൽ ആലോചിച്ച്ചെയ്യും. ഡോക്ടർമാർക്ക് തസ്തികയനുസരിച്ച് ചുമതല നൽകി.
മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ വിദ്യാഭ്യാസ വകുപ്പിനു കൈമാറി. സാങ്കേതിക പ്രശ്നങ്ങളാലാണ് അധ്യാപകർക്ക് ശമ്പളം വൈകുന്നത്. കാരുണ്യ ഫാർമസി തുടങ്ങാനുള്ള പ്രവൃത്തി ആരംഭിച്ചു. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ചികിത്സാ സഹായവും നൽകുന്നുണ്ട്.
42 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിക്കുന്ന കാസ്പ് ആനുകൂല്യം പരിയാരത്തും ലഭ്യമാണ്. ഇതിന്റെ 80 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇൻഷുറൻസ് തുകകൾ ക്ലെയിം ചെയ്തുതുടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം വിപുലീകരിക്കും.
വിദ്യാർഥിപ്രവേശനം പൂർണമായി മെരിറ്റ് അടിസ്ഥാനത്തിലാണ്. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങി ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞത് ഗവൺമെന്റിന്റെ ഇച്ഛാശക്തികൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിൽ ടി വി രാജേഷ് എംഎൽഎ, പ്രിൻസിപ്പൽ ഡോ. എൻ റോയ്, മെഡിക്കൽ സൂപ്രണ്ട് കെ സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വിമൽ സോഹൻ, ഡി കെ മനോജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി സന്തോഷ്, വിവിധ വകുപ്പു മേധാവികളും പങ്കെടുത്തു.
No comments
Post a Comment