Header Ads

  • Breaking News

    കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക്ക്‌മെയിലിങ്‌: മൂന്ന് കണ്ണൂർ സ്വദേശികൾ ഉൾപ്പടെ നാലുപേര്‍ പിടിയില്‍


    നഗ്നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്‌റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ്‌ മുണ്ടയോട്ട്‌ വീട്ടില്‍ സവാദ്‌(25), തോപ്പുംപടി ചാലിയത്ത്‌ വീട്ടില്‍ മേരി വര്‍ഗീസ്‌(26), കണ്ണൂര്‍ തളിപ്പറമ്പ്‌ പരിയാരം മെഡിക്കല്‍ കോളജിനു സമീപം പുല്‍ക്കൂല്‍ വീട്ടില്‍ അസ്‌കര്‍(25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട്‌ കുട്ടോത്ത്‌ വളപ്പില്‍ മുഹമ്മദ്‌ ഷഫീഖ്‌(27) എന്നിവരെയാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
    ഖത്തറില്‍ വച്ചാണ്‌ പ്രതികള്‍ വ്യവസായിയെ ചതിയില്‍പ്പെടുത്തിയത്‌. പ്രതി മേരി വര്‍ഗീസ്‌ ഫെയ്‌സ്‌ബുക്ക്‌ വഴി ഇയാള്‍ക്കു സന്ദേശം അയച്ചു. തുടര്‍ന്ന്‌ സൗഹൃദം നടിച്ചു. പിന്നീട്‌ വ്യവസായിയെ മേരി വീട്ടിലേക്കു വിളിച്ചുവരുത്തി. ഇയാള്‍ എത്തുന്നതിനുമുമ്പേ മുറിയില്‍ മുഖ്യസൂത്രധാരനായ സവാദ്‌ രഹസ്യ ക്യാമറ വച്ചിരുന്നു.
    വ്യവസായി നാട്ടിലേക്കു മടങ്ങിയതും ഇയാളും മേരിയുമൊത്തുള്ള നഗ്‌നചിത്രങ്ങള്‍ ഫോണിലേക്ക്‌ അയച്ചു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഇയാള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. തുടര്‍ന്ന്‌ സുഹൃത്തിന്റെ ഉപദേശപ്രകാരമാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌.
    എറണാകുളം എ.സി.പി: കെ. ലാല്‍ജിക്കാണു പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തുകയായിരുന്നു.
    പോലീസ്‌ ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എടുത്തിരുന്ന മുറിയെക്കുറിച്ചും വാടകയ്‌ക്കെടുത്തയാളെക്കുറിച്ചും വിവരം ലഭിച്ചു. കുറച്ചു പണം സവാദിന്റെ അക്കൗണ്ടിലേക്ക്‌ വ്യവസായി അയച്ചുകൊടുത്തിരുന്നു. ഈ പണം കണ്ണൂര്‍ തളിപ്പറമ്പിലെ എ.ടി.എം. കൗണ്ടറില്‍ നിന്നാണു പിന്‍വലിച്ചതെന്ന്‌ കണ്ടെത്തി. ഈ ഭാഗത്ത്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്‌.
    തളിപ്പറമ്പില്‍നിന്നു ബംഗളൂരുവിലേക്കു പോയ പ്രതികള്‍ക്കു പിന്നാലെ പോലീസ്‌ സംഘം തിരിച്ചു. പ്രതികള്‍ ഇടയ്‌ക്കുവച്ച്‌ മടിക്കേരിയില്‍ ലോഡ്‌ജില്‍ മുറിയെടുത്തു. ഇവിടെവച്ചാണ്‌ അറസ്‌റ്റിലായത്‌. എറണാകുളം എ.സി.പി. കെ. ലാല്‍ജി, സെന്‍ട്രല്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ എസ്‌.ഐ. കിരണ്‍ സി. നായര്‍, അസിസ്‌റ്റന്റ്‌ എസ്‌.ഐ. എസ്‌.ടി. അരുള്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എം. ഷാജി, അനീഷ്‌, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
    പ്രതികളെ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ പ്രതികളുടെ വലയില്‍ വീണതായി വിവരം കിട്ടിയിട്ടുണ്ട്‌. കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതികളെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങും.

    No comments

    Post Top Ad

    Post Bottom Ad