രാജ്യത്തെ ഇന്ധന വില ഉയരുന്നു
രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നു. സെപ്റ്റംബര്‍ പതിനേഴിന് 75 രൂപ 55 പൈസയായിരുന്ന പെട്രോളിനു ഇന്ന് 77 രൂപ 56 പൈസയാണ് വില. ലിറ്ററിന് രണ്ട് രൂപ ഒരു പൈസയാണ് ഒരാഴ്ചക്കിടെ കൂടിയത്. ഡീസലിന്റെ വിലയും ഒരാഴ്ചക്കിടെ 70 രൂപ 60 പൈസയിൽ നിന്നും 72 രൂപ 17 പൈസയിലേക്ക് ഉയർന്നു. ഒരു രൂപ 57 പൈസയാണ് വര്‍ദ്ധിച്ചത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76 രൂപ 22 പൈസയായും,ഡീസലിന്റെ വില 70 രൂപ 81 പൈസയായും കൂടിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോളിനു 77 രൂപ 57 പൈസയും, ഡീസലിന് 72 രൂപ 18 പൈസയുമാണ് വില. ഇന്ത്യന്‍ ബാസ്ക്കറ്റില്‍ ബ്രെൻഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍ പെട്രോള്‍ വില. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഗൾഫ് മേഖലയിൽ ഉയരുന്ന സംഘർഷങ്ങളെ തുടർന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഉയരുന്നത്. അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ യെമെനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി സൗദി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വർഷങ്ങളോളം വിപണിയെ ബാധിക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന് 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് വാങ്ങുന്നത്. അതേസമയം എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നു.
No comments
Post a Comment