പി.കെ ശശി വീണ്ടും ജില്ലാ കമ്മിറ്റിയിൽ
ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി ശുപാർശ സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന സംസ്ഥാന സമിതിയാണ് ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപെടുത്താൻ തീരുമാനിച്ചത്. ഇന്ന് ചേർന്ന ജില്ലാ നേതൃയോഗത്തിൽ തീരുമാനം റിപ്പോർട്ട് ചെയ്തു.
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ആറു മാസത്തേയ്ക്കായിരുന്നു സസ്‌പെൻഷൻ. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പരാതിയെപ്പറ്റി സിപിഐഎം കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയുമാണ് അന്വേഷിച്ചത്. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ നടപടി.
പി.കെ ശശിയുടെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ മെയ് 26 ന് അവസാനിച്ചെങ്കിലും ശശിയെ പാർട്ടി ചുമതലകളിലേക്ക് തിരികെ കൊണ്ടുവരുന്നതിനെച്ചൊല്ലി പാർട്ടിയിൽ എതിർപ്പുയർന്നിരുന്നു. സസ്‌പെൻഷൻ നേരിട്ട ശശിയെ ഏത് ഘടകത്തിലേക്ക് തിരിച്ചെടുക്കണമെന്ന കാര്യത്തിൽ ജില്ലയിലെ നേതാക്കൾക്കിടയിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് എം.ബി രാജേഷിന്റെ തോൽവിക്ക് കാരണമായത് പാർട്ടിയിൽ ശശിയെ അനുകൂലിക്കുന്ന നേതാക്കളുടെ ഇടപെടലാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
No comments
Post a Comment