Header Ads

  • Breaking News

    ചന്ദ്രയാന്‍ ദൗത്യത്തിലെ രണ്ട് വനിതകള്‍ പ്രധാന ശാസ്ത്രജ്ഞരില്‍ പയ്യന്നൂര്‍ സ്വദേശിയും



    രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാന്‍2ന് പിന്നില്‍ രണ്ട് വളയിട്ട കൈകളും. പ്രോജക്ട് ഡയറക്ടര്‍ തമിഴ്‌നാട് സ്വദേശി എം. വനിതയും മിഷന്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഋതു കൃതാലുമാണ് അവര്‍. ദൗത്യത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 30 ശതമാനവും സ്ത്രീകളാണെന്നതാണ് മറ്റൊരു സവിശേഷത.
    രണ്ടുപതിറ്റാണ്ടോളമായി ഐ.എസ്.ആര്‍.ഒ.യില്‍ സേവനമനുഷ്ഠിക്കുന്ന വനിതയും ഋതുവും വിവിധ ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ.യിലെ ആദ്യ വനിതാ പ്രോജക്ട് ഡയറക്ടറാണ് വനിത. കാര്‍ട്ടോസാറ്റ്ഒന്ന്, ഓഷ്യന്‍സാറ്റ്‌രണ്ട് എന്നിവയുടെയും പ്രോജക്ട് ഡയറക്ടറുമായിരുന്നു. 2006ല്‍ മികച്ച ശാസ്ത്രജ്ഞക്കുള്ള അസ്‌ട്രോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരം ലഭിച്ചു.
    ഋതു കൃതാല്‍ 1997ലാണ് ഐ.എസ്.ആര്‍.ഒ.യിലെത്തുന്നത്. ലഖ്‌നൗ സര്‍വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ബിരുദവും ബംഗലൂരു ഐ.ഐ.എസ്.സി.യില്‍നിന്ന് എയ്‌റോസ്‌പേസില്‍ ബിരുദാനന്തരബിരുദവും നേടിയ അവര്‍ ‘ഇന്ത്യയുടെ റോക്കറ്റ് വനിത’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ 2013ലെ മംഗള്‍യാന്‍ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) പദ്ധതിയുടെ ഡെപ്യൂട്ടി ഓപ്പറേഷന്‍ ഡയറക്ടറുമായിരുന്നു. 2007ല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമില്‍നിന്ന് യുവശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്‌കാരവും ഋതു നേടിയിട്ടുണ്ട്.
    ദിവസേന 12 മുതല്‍ 18 മണിക്കൂര്‍വരെയാണ് ചന്ദ്രയാന്‍2 ദൗത്യത്തിനായി ഇവര്‍ പ്രവര്‍ത്തിച്ചത്. ജി. സാറ്റ് ദൗത്യങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ടി.കെ. അനുരാധ, റിസാറ്റ്ഒന്ന് പ്രോജക്ട് ഡയറക്ടര്‍ എന്‍. വളര്‍മതി, ഗഗന്‍യാന്‍ മിഷന്‍ കോഓര്‍ഡിനേഷന്‍ മേധാവി പി.ആര്‍. ലളിതാംബിക എന്നിവരും ദൗത്യത്തില്‍ പ്രധാന പങ്കുവഹിച്ചു.
    ഇതോടൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞരുമുണ്ട്. വി.എസ്.എസ്.സി. ഡയറക്ടര്‍ ചേര്‍ത്തല സ്വദേശി എസ്. സോമനാഥ്, യു.ആര്‍. റാവു, സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ പയ്യന്നൂര്‍ സ്വദേശി പി. കുഞ്ഞിക്കണ്ണന്‍, ജി.എസ്.എല്‍.വി. മാര്‍ക്ക്3 ദൗത്യത്തിന്റെ ഡയറക്ടര്‍ കൊല്ലം സ്വദേശി ജെ. ജയപ്രകാശ്, വെഹിക്കിള്‍ ഡയറക്ടര്‍ പത്തനംതിട്ട സ്വദേശി കെ.സി. രഘുനാഥപിള്ള, അസോസിയേറ്റ് വെഹിക്കിള്‍ ഡയറക്ടര്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പി.എം. എബ്രഹാം, അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശി ജി. നാരായണന്‍ എന്നിവര്‍ക്കും സുപ്രധാന പങ്കുണ്ട്.

    No comments

    Post Top Ad

    Post Bottom Ad