കോളേജ് ഹോസ്റ്റലുകളിലെ മൊബൈല്‍ നിയന്ത്രണം മൗലികാവകാശങ്ങളുടെ ലംഘനം; ഹൈക്കോടതി
കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരേ ഹൈക്കോടതി. ഇത്തരം നടപടി മൗലികാവകാശ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഈ നിയന്ത്രണം ഉചിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ഫോൺ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേയുള്ള ഹർജിയിലാണ് കോടതിയുടെ പരാമർശം. ബി.എ. മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയായ ഫഹീമ ഷിറിനാണ് ഹർജി നൽകിയത്.
മൊബൈൽ ഫോൺ നിയന്ത്രണം അംഗീകരിക്കാത്തതിനെ തുടർന്ന് ഫഹീമയെ ഹോസ്റ്റലിൽനിന്ന് പുറത്താക്കിയിരുന്നു. ഇതു കോടതി റദ്ദാക്കി. ഫഹീമയെ ഉടൻ തിരിച്ചെടുക്കാനും നിർദേശിച്ചു.
കോളേജിലെ വനിതാ ഹോസ്റ്റലിൽ വൈകീട്ട് ആറു മുതൽ പത്തുവരെയാണ് നിയന്ത്രണം ഉണ്ടായിരുന്നത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ല. പെൺകുട്ടികൾക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്തുന്നത് ലിംഗ വിവേചനമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളുടെ സുരക്ഷയുടെ പേരിലുള്ള ഇത്തരം വിവേചനം പാടില്ലെന്ന് യു.ജിസി. വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മൊബൈൽ ഫോണിന് നിരോധനമില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പഠിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്ന് അവർ വിശദീകരിച്ചു. ഹർജിക്കാരി ഹോസ്റ്റലിൽ പ്രവേശനം നേടാൻ ഒപ്പിട്ടു നൽകിയ നിബന്ധനയിൽ ഇക്കാര്യം പറയുന്നുണ്ട്. ഹർജിക്കാരി ഒഴികെ മറ്റാരും ഇൗ നിബന്ധനയെ എതിർത്തിട്ടില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
മറ്റാരും എതിർത്തില്ലെന്ന കാരണത്താൽ ഇത്തരം ഒരു വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവന്നതെന്ന് കോളേജ് അധികൃതർ വാദിച്ചു. രക്ഷിതാക്കളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നതെന്നും അവർ വിശദീകരിച്ചു.
ഹോസ്റ്റലിലുള്ളവർ പ്രായപൂർത്തിയായവരാണെന്ന് കോളേജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു. എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണം എന്നീ കാര്യങ്ങൾ വിദ്യാർഥികളാണ് തീരുമാനിക്കേണ്ടത്. യു.ജി.സി. തന്നെ ഇപ്പോൾ ഒാൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. അറിവു സമ്പാദിക്കാനുള്ള അവകാശത്തെ ഇത്തരം നിയന്ത്രണങ്ങൾ ഹനിക്കും. ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും അനന്തസാദ്ധ്യതകൾക്കു നേരെ രക്ഷിതാക്കൾ കണ്ണടയ്ക്കരുത്. പ്രായപൂർത്തിയായ വിദ്യാർഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. സംസ്ഥാനത്ത് സ്കൂളുകളിലുൾപ്പെടെ ഡിജിറ്റൽവത്കരണം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
മൊബൈൽ ഇന്റർനെറ്റ് വഴിയും അറിവു സമ്പാദനം സാധ്യമാകും. ഇതും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. കോളേജ് ഹോസ്റ്റലിലെ മൊബൈൽ ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള നിയന്ത്രണം മതിയാകുമെന്നും ഹൈക്കോടതി നിർദേശിച്ചു.
No comments
Post a Comment