ആഴങ്ങളിലെ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേനയ്ക്ക് ഇനി സ്‌കൂബ
പയ്യന്നൂർ:
വെള്ളത്തിൽ മുങ്ങുന്നവരെ പുറത്തെടുക്കാൻ പയ്യന്നൂരിലെ അഗ്നിരക്ഷാസേനയ്ക്ക് ഇനി സ്കൂബയുടെ സഹായം. ജലാശയങ്ങളുടെ ആഴത്തിലേക്കിറങ്ങി രക്ഷാപ്രവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പയ്യന്നൂർ അഗ്നിരക്ഷാകേന്ദ്രത്തിലേക്ക് രണ്ട് സ്കൂബ (സെൽഫ് കണ്ടെയ്ൻഡ് അണ്ടർവാട്ടർ ബ്രീത്തിങ് അപ്പാരറ്റസ്) കിറ്റുകൾ എത്തിയത്. അഞ്ചുലക്ഷം രൂപവീതം വിലമതിക്കുന്ന രണ്ടുകിറ്റുകൾവീതമാണ് കണ്ണൂർ അഗ്നിരക്ഷാവിഭാഗത്തിൽനിന്ന് പയ്യന്നൂരിലേക്കും തളിപ്പറമ്പിലേക്കും എത്തിയത്.
മുമ്പ് ആഴങ്ങളിലുള്ള രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെ സഹായമാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽ തേടിയിരുന്നത്. നിലവിൽ സ്കൂബാ ഡൈവിങ്ങിൽ പരിശീലനംലഭിച്ച 52 അംഗ സംഘമാണ് കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധഭാഗങ്ങളിൽ വെള്ളത്തിനടിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ഇവരുടെ കീഴിൽ ഒരോ സ്റ്റേഷനിലേക്കും ആവശ്യമായ സ്കൂബാ കിറ്റുകളാണ് കഴിഞ്ഞദിവസം എത്തിച്ചത്.
സ്കൂബാ കിറ്റ് ധരിച്ച് വെള്ളത്തിലിറങ്ങുന്നവർക്ക് കരയിൽനിൽക്കുന്നവരാണ് നിർദേശംനൽകുക. ഇവരുടെ ശരീരവുമായി ബന്ധിപ്പിച്ചിട്ടുള്ള കയർവഴിയാണ് വെള്ളത്തിനടിയിലേക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർക്കുള്ള നിർദേശം നൽകുന്നത്. സ്കൂബാ കിറ്റിലെ ഓക്സിജൻ സിലിൻഡറിന്റെ സഹായത്തോടെ ഒരുമണിക്കൂറോളം വെള്ളത്തിനടിയിൽ മുങ്ങിനിൽക്കാൻകഴിയും.
പയ്യന്നൂർ അഗ്നിരക്ഷാസേനയിലെ ജീവനക്കാർക്ക് സ്കൂബാ ഡൈവിങ്ങുമായി ബന്ധപ്പെട്ട പരിശീലനം പയ്യന്നൂർ താലൂക്ക് ആസ്പത്രിക്ക് സമീപത്തെ ആലക്കാട്ട് കുളത്തിൽ ആരംഭിച്ചു. സ്റ്റേഷൻ സ്കൂബ ട്രെയിനർ കെ.വി.പ്രകാശന്റെ നേതൃത്വത്തിലാണ് പരിശീലനംനൽകുന്നത്. സ്റ്റേഷൻ ഓഫീസർ പി.വി.പവിത്രൻ, അസി. സ്റ്റേഷൻ ഓഫീസർ സി.പി.ഗോകുൽദാസ് എന്നിവരാണ് നേതൃത്വംനൽകുന്നത്.
Ezhome Live © www.ezhomelive.com
No comments
Post a Comment