യാത്രയ്ക്കിടെ കുരുന്നു ജീവന്റെ രക്ഷകരായി തലശേരി – ഇരിട്ടി റൂട്ടിലോടുന്ന സോൾജിയർ ബസ് ജീവനക്കാർ
കൂത്തുപറമ്പ്:
യാത്രയ്ക്കിടെ കുരുന്നു ജീവന്റെ രക്ഷകരായി സോൾജിയർ ബസ് ജീവനക്കാർ. കേവലം ഒരു ട്രിപ്പിനേക്കാളോ തങ്ങൾക്ക് ലഭിക്കുന്ന വേതനത്തേക്കാളോ വലുതാണ് മനുഷ്യ ജീവനെന്ന കാര്യത്തിന് സമയോജിതമായ പ്രവൃത്തിയിലൂടെ അടിവരയിടുകയാണ് തലശേരി – ഇരിട്ടി റൂട്ടിലോടുന്ന ഈ ബസിലെ ജീവനക്കാർ .
ഇന്നലെ ഉച്ചയ്ക്ക് തലശേരിയിൽ നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടെ ബസിലുണ്ടായിരുന്ന വെറും അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചാണ് ഇവർ സഹജീവി സ്നേഹത്തിന് മാതൃകയായത്.
ഉച്ചയ്ക്ക് രണ്ടോടെ നിർമലഗിരിക്കടുത്ത് നീറോളിച്ചാലിൽ എത്തിയപ്പോഴാണ് സീറ്റിൽ അച്ഛനമ്മമാരോടൊപ്പമുണ്ടായിരുന്ന കുഞ്ഞിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസം കിട്ടാതെ വായിൽ നിന്ന് നുരയും പതയും വന്ന് അവശനിലയിലായിരുന്നു കുട്ടി. യാത്രക്കാരും വെപ്രാളത്തിലായി. ഈ കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ അവർ മറ്റൊന്നും ചിന്തിച്ചില്ല.
ഉടൻ ബസ് തിരിച്ച് വന്ന വഴിയേ ഒരു കിലോമീറ്ററോളം ഓടിച്ച് കുഞ്ഞിനെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസുമായി പതിനഞ്ച് മിനിറ്റോളം ആശുപത്രിയിൽ കാത്ത് നില്ക്കേണ്ടി വന്നെങ്കിലും ഒരാൾ പോലും ബസിൽ നിന്നും ഇറങ്ങി പോകാതെ തങ്ങൾക്ക് പൂർണ പിന്തുണ നല്കിയെന്ന് ബസ് ഡ്രൈവർ മാട്ടറ സ്വദേശിയായ എം.ഡിന്റോ പറഞ്ഞു.
കണ്ടക്ടർ കൂട്ടുപുഴ സ്വദേശിയായ അർഷിത്ത്, ക്ലീനർ ഇരിട്ടി എം.ജി.കോളജിന് സമീപത്തെ ശരത്ത് എന്നിവരും ചേർന്നാണ് കുഞ്ഞിന് രക്ഷാപ്രവർത്തനം നടത്തിയത്. കോളയാട് ആണ് അസുഖബാധിതയായ കുഞ്ഞിന്റെ സ്വദേശം.വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞ് ഇപ്പോൾ തലശേരിയിലെ ആശുപത്രിയിലാണ്. തക്ക സമയത്തെ ഇടപെടലിലൂടെ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലും പ്രാർഥനയിലുമാണ് സോൾജിയർ ബസിന്റെ ഈ തേരാളികൾ.
No comments
Post a Comment